ജി. സുധാകരൻ എംഎൽഎ
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ജി. സുധാകരൻ എംഎൽഎ. തന്റെ നേരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി ആർ. നാസർ ആയിരിക്കുമെന്ന് സുധാകരൻ പറഞ്ഞു. സിപിമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ നാസറിനെതിരെ പോലീസ് കേസെടുക്കണം. ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നു. അതൊന്നും ജില്ലാ സെക്രട്ടറി മനസിലാക്കുന്നില്ല.
നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ നാസറിനില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ വിവിധ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം.
എംഎൽഎ ആയിരുന്നപ്പോൾ താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാനായത്. തന്റെ വികസനത്തിനുള്ള വോട്ടാണ് അന്ന് എൽഡിഎഫിന് ലഭിച്ചത്. ഇങ്ങനെയുള്ള പോക്കാണ് തുടരുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജില്ലയിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Tags : G.Sudhakaran R. Nasser Cpm Alappuzha