ഗുജറാത്തി സ്ട്രീറ്റ്. ഫോട്ടോ: പി.ആർ.സുരേഷ്
1760 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസിന് ആലപ്പുഴയെ ഒരു തുറമുഖ നഗരമായി വികസിപ്പിക്കണമെന്ന ആഗ്രഹമുദിച്ചു. വിശാല കടല്‍ത്തീരമുള്ള ആലപ്പുഴ നഗരത്തെ കിഴക്കിന്റെ വെനീസ് എന്നപേരില്‍ വാണിജ്യനഗരമായി വികസിപ്പിക്കാമെന്ന സാധ്യത കണ്ടെത്തിയതും ദിവാനായിരുന്നു. തിരുവിതാംകൂറിന് സ്വന്തമായി ഒരു തുറമുഖം. അതില്‍ ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുക്കുമ്പോള്‍ രക്തത്തില്‍ കച്ചവടം അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗുജറാത്തികളെ അതിന്റെ താക്കോല്‍ ഏല്‍പ്പിക്കാമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ഗുജറാത്തികള്‍ക്ക് ആലപ്പുഴ നഗരമധ്യത്തില്‍ ഒരു തെരുവുതന്നെ അദ്ദേഹം നിർമിച്ചത്.
വ്യവസായത്തിലും വാണിജ്യത്തിലും അഗ്രഗണ്യരായ സൗരാഷ്ട്ര, കച്ച് ഭാഗങ്ങളില്‍നിന്ന് അഞ്ചു വിഭാഗങ്ങളെയാണ് ദിവാന് ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് വൈഷ്ണവ, ശൈവ വിഭാഗങ്ങളും പോര്‍ബന്ധറിലെ ഹലായി മേമൻ, കച്ചി മേമൻ, ബോറസ് വിഭാഗങ്ങളും ആലപ്പുഴയിലെത്തുന്നത്. അവര്‍ക്ക് താമസിക്കാനും വ്യവസായ സ്ഥാപനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ രാജാ കേശവദാസ ഏര്‍പ്പെടുത്തി.
നാനൂറോളം ഗുജറാത്തി കുടുംബങ്ങളാണ് പല ഘട്ടങ്ങളിലായി ആലപ്പുഴയിലേക്കു വന്നത്. വാണിജ്യ കനാലിന്റെ തെക്കുവശം കേന്ദ്രീകരിച്ച് മേമന് വിഭാഗങ്ങള്‍ കുട, തുണി ബിസിനസില്‍ കത്തിക്കയറി. ഗുജറാത്തി സ്ട്രീറ്റ് കേന്ദ്രീകരിച്ച് മറ്റു വ്യവസായങ്ങളും വളര്‍ന്നു. കയര്‍, വെളിച്ചെണ്ണ, സുഗന്ധദ്രവ്യങ്ങള്‍, കൈത്തറി എന്നിവയായിരുന്നു പ്രധാന വ്യവസായങ്ങള്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പല ഉത്പന്നങ്ങളും കടല്‍ കടന്നിരുന്നത് ഗുജറാത്തി തെരുവു വഴിയായിരുന്നു.
പ്രൗഢിയുടെ ശേഷിപ്പുകള്‍
ശ്രീജൈന് ശ്വേതാംബര്‍ ക്ഷേത്രം, ശിവപാര്‍വതി ക്ഷേത്രം, ശ്രീരാമ ക്ഷേത്രം, ശ്രീകൃഷ്ണ ഹവേലി എന്നിങ്ങനെ ഗുജറാത്തി ശൈലിയില്‍ പണിത ആരാധനാലയങ്ങൾ. മറ്റു ജൈന ക്ഷേഷേത്രങ്ങളില്നിന്ന് വ്യത്യസ്തമായി ഇരുമ്പ് ഉപയോഗിക്കാത്തതും രാജസ്ഥാന് കല്ലുകളും മാര്‍ബിളുകളും ഉപയോഗിച്ച് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പ്രതിമകളും അതുല്യമാക്കുന്ന ശ്വേതാംബര്‍ ജൈന്‍ ക്ഷേത്രം. ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ഗുജറാത്തികളുടെ ആത്മീയകേന്ദ്രമായി കണക്കാക്കുന്നതും ഈ ക്ഷേത്രത്തെയാണ്. നാല് ജൈന തീര്ത്ഥങ്കരന്മാരാണ് ഇവിടത്തെ പ്രതിഷ്ഠകൾ.
ഗുജറാത്തിലെ കെട്ടിട നിര്മാണശൈലിയാൽ ശ്രദ്ധയാകര്‍ഷിച്ച തെരുവ് സൂപ്പര്‍ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനി പോലെ നിരവധി സിനികളുടെ ലൊക്കേഷനുമായിട്ടുണ്ട്.
ഗുജറാത്തികള്‍ എത്തിയതോടെ കയറും മലഞ്ചരക്കും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെനിന്ന് കടല്‍ കടന്നു. ഇവ തുറമുഖത്തേക്ക് എത്തിക്കാന്‍ വാണിജ്യ കനാല്‍ നിര്‍മിച്ചതും ദിവാനാണ്.
പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നല്കാന് ഗുജറാത്തി പാഠശാലകള്‍ തുറന്നു. 1980കളുടെ മധ്യം വരെ ഗുജറാത്തി എല്‍പി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്തികളുടെ സാംസ്കാരിക പരിപാടികള്‍ നടക്കുന്നത് ഈ പാഠശാലകളിലാണ്.
ആലപ്പുഴ തുറമുഖം തകര്‍ച്ചയിലായതോടെ കൊച്ചി വികസിക്കുകയായിരുന്നു. ഇവിടത്തെ മിക്ക വ്യവസായികളും ഗുജറാത്തി സ്ട്രീറ്റ് വിട്ട് കൊച്ചിയിലേക്കു ചേക്കേറി. ശേഷിക്കുന്നവര്‍ ചെറിയ ചെറിയ കച്ചവടങ്ങളുമായി ആലപ്പുഴയില്‍ കഴിയുന്നു.
മായാത്ത ഓര്‍മകള്‍
എന്നും ഉത്സവാന്തരീക്ഷം നിലനിന്നിരുന്ന ഗുജറാത്തി തെരുവിലെ മനോഹര ദിനങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകളില്‍ ജീവിക്കുകയാണ് എച്ച്. മഹേഷ് കുമാര്‍ എന്ന മഹേഷ് ഭായി. തലങ്ങും വിലങ്ങും നീങ്ങുന്ന ചരക്കുവള്ളങ്ങള്‍ നിറഞ്ഞ വാണിജ്യ കനാൽ. നവരാത്രി, ദീപാവലി എന്നിങ്ങനെ മധുരമുള്ള ആഘോഷങ്ങളാണ് മഹേഷ് ഭായിയുടെ ഓര്‍മകളിൽ നിറയുന്നത്.
‘ഒരിക്കലും ആലപ്പുഴ ഒരു അന്യനാടായി തോന്നിയിട്ടില്ല. മിനി ഗുജറാത്ത് എന്ന് പറയത്തക്ക ക്രമീകരണങ്ങള്‍ ആലപ്പുഴയിലെ ഗുജറാത്തി തെരുവില്‍ ഉറപ്പിക്കാന്‍ പൂര്‍വികര്‍ക്കു കഴിഞ്ഞിരുന്നു. പിതാവ് ഹരിദാസും മാതാവ് ലക്ഷ്മിഭായിയും അടങ്ങുന്നതായിരുന്നു കുടുംബം.’ ഗുജറാത്തി തെരുവില്‍ ചെറുപ്പം മുതല്‍ പരുത്തി കച്ചവടം ചെയ്തിരുന്ന മഹേഷ് ഭായിയുടെ കണ്ണുകള്‍ പഴയ ഓര്‍മകളില്‍ ഈറനണിയുന്നുണ്ടായിരുന്നു.
പുതിയ തലമുറക്കാരായ ആരുംതന്നെ ഇപ്പോള്‍ ഗുജറാത്തി സ്ട്രീറ്റിലില്ല. നാനൂറില്‍നിന്ന് മുപ്പതിലേക്കു ചുരുങ്ങിയിരിക്കുന്നു ഗുജറാത്തി കുടുംബങ്ങൾ. പുതുതലമുറക്കാരും തന്റെ മക്കളും ഉള്‍പ്പെടെ വടക്കേ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമൊക്കെയാണെന്ന് മഹേഷ് ഭായി പറയുന്നു.
ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഗുജറാത്തി തെരുവിലുണ്ടായിരുന്ന നാല്പതിലധികം പാണ്ടികശാലകളും ഇഇക്കാലത്ത്് അപ്രത്യക്ഷമായി. നിലവില്‍ സനാധന വൈഷ്ണവ മഹാജം എന്ന അസോസിയേഷന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 24 കുടുംബങ്ങളും ജൈന വിഭാഗത്തില്‍പ്പെട്ട ആറു കുടുംബങ്ങളും മാത്രമാണ് ശേഷിക്കുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് ചുവരെഴുത്ത് പോലും ഇവിടെ ഗുജറാത്തിയിലായിരുന്നു. ഇപ്പോഴത്തെ ഗുജറാത്തി തെരുവിനു പഴയ പകിട്ടില്ല, പ്രൗഢിയുമില്ല. ഒന്നര നൂറ്റാണ്ടിന്റെ പൗരാണികതയും പാരമ്പര്യവുമുള്ള, തകര്‍ന്നുകൊണ്ടിരിക്കുന്ന 40 കെട്ടിടങ്ങളിലേക്കൊതുങ്ങി ഗുജറാത്തി തെരുവ്. പഴയ മുപ്പാലം മുതല്‍ വടക്കോട്ട് റോഡിലൂടെ നടന്നാല്‍ പ്രതാപകാലത്തെ കാറ്റിനു സുഗന്ധദ്രവ്യങ്ങളുടെയും മലഞ്ചരക്കുകളുടെയും ഗന്ധമുണ്ടായിരുന്നു. എന്നാൽ ഇന്ന് വല്ലഭദാസ് കാഞ്ചിയുടെ സമീപത്തുമാത്രം ഒതുങ്ങുന്നു ഗൃഹാതുരത്വമുള്ള ആ ഗന്ധം. ഗുജറാത്തി തെരുവിന്റെ മഹിമയും തനിമയും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ പൈതൃക പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഏക ആശ്വാസം.
Tags : Sunday Deepika Feature Alappuzha Gujarati Street