കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ന്യൂഡൽഹി: പൂർണമായും ഡിജിറ്റലായ ടോൾപിരിവ് സംവിധാനത്തിലേക്കു രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
അടുത്ത വർഷം ഫെബ്രുവരി-മാർച്ചോടെ ബാരിയറുകളില്ലാത്ത ടോൾ ശേഖരണ സംവിധാനങ്ങൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാകുമെന്ന് ഗഡ്കരി മുംബൈയിൽ നടന്ന ആഗോള ഫിൻടെക് ഫെസ്റ്റിൽ പറഞ്ഞു.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) സംവിധാനം ഉപയോഗിച്ചാണു രാജ്യം തടസരഹിത ടോൾ പിരിവ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ഒരുങ്ങുന്നത്.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ
റോഡുകളുടെ മുകളിലായി നിർമിച്ചിട്ടുള്ള ഗാൻട്രികൾ എന്ന ഇരുമ്പുനിർമിതികൾ ഉപയോഗിച്ചാണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ പ്രവർത്തിക്കുക. ഇവയ്ക്കു താഴെയുള്ള റോഡുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വാഹനത്തിലെ ഫാസ്റ്റ്ടാഗ് സ്റ്റിക്കർ സ്കാൻ ചെയ്ത് ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കും.
വാഹനത്തിന്റെ ലൈസൻസ് പ്ലെയ്റ്റുകൾ സ്കാൻ ചെയ്തു കാപ്ചർ ചെയ്യാൻ ഹൈ ടെക് കാമറകളും ഇവയിലുണ്ടാകും. നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാതെ, വാഹനങ്ങൾ സാധാരണ വേഗതയിൽ കടന്നുപോകുമ്പോൾതന്നെ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കാൻ കഴിയും.
രാജ്യത്തെ ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം ഗുജറാത്തിൽ ഈ വർഷം മേയിൽ ദേശീയപാത അഥോറിറ്റി നടപ്പാക്കിയിരുന്നു.
ടോൾപ്ലാസകളില്ലാതെ ടോൾപിരിവ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം നേടാനും സർക്കാർ ലക്ഷ്യമിടുന്നു.
Tags : TollCollection NitinGadkari Seamless Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash