സണ്ണി ജോസഫ്
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ് ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്.
കേരളം ഇന്ന് ആശങ്കയോടെ ചോദിക്കുന്നത് ഇതാണ്- പവർകട്ട് എന്നുവരെ
വൈദ്യുതി പ്രതിസന്ധിയുടെ ഗൗരവം കേരളജനതയ്ക്കാകെ ബോധ്യമുള്ള കാര്യമാണ്. ജനജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണു വൈദ്യുതി. ഇതു കിട്ടാതായാൽ വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇതു പരിഹരിക്കാൻ അത്ഭുതങ്ങളൊന്നും എന്റെ പക്കലില്ല. എന്നാൽ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പും സർക്കാരും ചെയ്യും.നിലവിലുള്ളതിനേക്കാൾ കൂടുതൽ സമയം വൈദ്യുതിനിയന്ത്രണം തത്കാലം ആലോചിക്കുന്നില്ല. നിലവിലെ നിയന്ത്രണം കൃത്യമായി പാലിക്കുക പ്രധാനമാണ്. അതിനൊപ്പം പരമാവധി കുറച്ചു വൈദ്യുതി ഉപയോഗിക്കാൻ എല്ലാവരും സഹകരിക്കണം.
ഉപയോഗം കൂടുന്നതനുസരിച്ച് ഉത്പാദനം ഇല്ലാത്തതല്ലേ പ്രതിസന്ധി രൂക്ഷമാക്കുന്നത്
വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം മാത്രമാണു നാം ഉത്പാദിപ്പിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശിന്റെ ആഭ്യന്തര ഉത്പാദനം 86 ശതമാനമാണ്. ഇടുക്കിക്കുപുറമെ എടുത്തുപറയാവുന്ന വലിയ പദ്ധതികളൊന്നും പ്രായോഗികമായി നടപ്പാക്കാൻ നമുക്കായിട്ടില്ല. ജലവൈദ്യുത പദ്ധതികളാണു നമ്മുടെ മുഖ്യ ആശ്രയം. അതിൽത്തന്നെയും നിയമപരമായ സങ്കീർണതകളും എതിർപ്പുകളും വെല്ലുവിളിയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ആവശ്യമുണ്ടായിരുന്നതിനേക്കാൾ 1000 മെഗവാട്ട് വൈദ്യുതി അധികമാണ് ഇന്നത്തെ ആവശ്യം. കെട്ടിടങ്ങളും വീടുകളും കൂടുന്നു, എസിയുടെയും വൈദ്യുതോപകരണങ്ങളുടെയും ഉപയോഗം വർധിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ കൂടുന്നു. വൈദ്യുതിയുടെ വർധിക്കുന്ന ആവശ്യത്തിനനുസരിച്ച് നമുക്കതില്ല. രാത്രി വൈകിയും ഈ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടിവരികയാണ്. എയര്‍ കണ്ടീഷനുകളും ഫാനുകളും തുടർച്ചയായി ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.
വൈദ്യുതി ബോർഡ് പൊതുമേഖലയിൽത്തന്നെ നിലനിർത്തുന്നതിൽ കേന്ദ്രനിലപാട് അനൂകൂലമാണോ
സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് പൊതുമേഖലയിൽത്തന്നെ നിലനിർത്തുമെന്നതാണ് സർക്കാരിന്റെ നയം. സ്വകാര്യമേഖലയിലാക്കുന്നതിന് സമ്മർദങ്ങൾ പലതുണ്ട്. കേന്ദ്രവും അതിനായി നിർദേശങ്ങൾ വയ്ക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാകും. വൈദ്യുതിമേഖലയിലെ പ്രതിസന്ധി പൊതുമേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും യാഥാർഥ്യബോധത്തോടെ പരിഹരിക്കാനാണു സർക്കാർ ശ്രമം. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവം കേന്ദ്രം അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾക്കു കേരളം വഴങ്ങേണ്ട കാര്യമില്ല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ 25 വർഷത്തെ കരാറിനെക്കുറിച്ച്.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാൻ അന്നുണ്ടാക്കിയ കരാർ യാഥാർഥ്യബോധമില്ലാത്ത കാരണങ്ങൾ നിരത്തിയാണ് പിന്നീടു വന്ന സർക്കാർ റദ്ദാക്കിയത്. എന്നിട്ടെന്തായി? യൂണിറ്റിന് പത്തും പന്ത്രണ്ടും രൂപയ്ക്കു വൈദ്യുതി വാങ്ങുന്ന സ്ഥിതിയുണ്ടായി..! 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോൾ ദീർഘകാല കരാറുണ്ടാക്കിയത്. അതു റദ്ദാക്കിയവരാണ് ഇന്നു വൈദ്യുതി പ്രതിസന്ധിയിൽ കുറ്റം പറയുന്നത്.
അന്നത്തെ കരാറനുസരിച്ച് എട്ടു വര്‍ഷക്കാലം നമുക്കു കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചു. ഉപയോഗം കൂടുന്ന സമയത്തുപോലും നമുക്ക് ആവശ്യമുള്ളത് 700- 900 മെഗാവാട്ട് വൈദ്യുതിയാണ്. ഇതിന്റെ പകുതിയോളമെങ്കിലും 4.29 രൂപ നിരക്കിൽ നമുക്കു ലഭിക്കുമായിരുന്നു. ഇന്നു പത്തു രൂപ കൊടുത്താലും കിട്ടാനില്ലെന്നോർക്കണം. 465 മെഗാവാട്ട് വൈദ്യുതിക്കാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്കു കരാറുണ്ടാക്കിയിരുന്നത്. ദീർഘവീക്ഷണമുള്ളതും ന്യായവുമായ ആ കരാർ റദ്ദാക്കിയവർ കേരളത്തോടു മറുപടി പറയണം.
കഴിഞ്ഞ സർക്കാർ കടം വാങ്ങിയ വൈദ്യുതിയുടെ ബാധ്യത അവസാനിച്ചോ.
കഴിഞ്ഞ സർക്കാർ അധിക വൈദ്യുതി ആവശ്യമുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 530 മെഗാവാട്ട് വൈദ്യുതിയാണു കടം വാങ്ങിയത്. അതിപ്പോൾ സംസ്ഥാനം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാനില്ലാത്തപ്പോഴും കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിവരുന്ന ബാധ്യത സംസ്ഥാനത്തിനുണ്ട്.
കടമായിട്ടല്ലാതെ അന്നു പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും രൂക്ഷമായ അവസ്ഥയുണ്ടാകില്ലായിരുന്നു. ഇന്നു പോരായ്മകൾ ഉയർത്തിക്കാട്ടുന്നവർ അന്ന് 530 മെഗാവാട്ട് പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഗുണം ആലോചിക്കണം.
സൗരോർജ പദ്ധതികൾ വിപുലമാക്കാനുള്ള ആലോചനകൾ
സോളാർ വിത്ത് ബാറ്ററി എനർജി സ്റ്റോറേജ് (ബസ്) പ്രൊവിഷനാണു പരിഹാരം. പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു സർക്കാർ തലത്തിൽ കാസര്‍ഗോഡ് മൈലാട്ടിയിലും (500 മെഗാവാട്ട്) കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും (40 മെഗാവാട്ട്) കൊച്ചി ബ്രഹ്മപുരത്തും (500 മെഗാവാട്ട്) പദ്ധതികൾ പ്രാരംഭഘട്ടത്തിലാണ്. ബ്രഹ്മപുരത്ത് ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
കമ്യൂണിറ്റി സ്റ്റോറേജ് സംവിധാനത്തിൽ സൗരോർജ പദ്ധതികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ബജറ്റിൽ അതിനായി പണം നീക്കിവച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും.
നിലവിലുള്ള വൈദ്യുത പദ്ധതികളിൽ ഉത്പാദനം കൂട്ടാനുള്ള ആലോചനയുണ്ടോ
സംസ്ഥാനത്തു പല പദ്ധതികളും പൂർണമായോ ഭാഗികമായോ മുടങ്ങിക്കിടക്കുന്നുണ്ട്. ഭൂതത്താൻകെട്ട്, മണിയാർ, രണ്ടാം പെരിങ്ങൽക്കുത്ത് എന്നിവയെല്ലാം മുടങ്ങിയ സ്ഥിതിയിലാണ്. പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും തടസങ്ങളേറെയാണ്. സാങ്കേതിക കുരുക്കുകളാണ് പ്രശ്നം.
സർക്കാർ സ്ഥാപനങ്ങളിലുൾപ്പടെ വൈദ്യുതി ദുരുപയോഗം വ്യാപകമാണെന്നു പരാതിയുണ്ട്.
എനിക്ക് കഴിഞ്ഞദിവസം രണ്ടു വീഡിയോകൾ അയച്ചുകിട്ടി. ഒന്ന് ഒരു വൈദ്യുതി ഓഫിസിൽ ഉദ്യോഗസ്ഥർ ആരുമില്ലാതെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊന്നു പകൽ മാത്രം പ്രവർത്തിക്കുന്ന ഒരു എഇഒ ഓഫിസിൽ, രാത്രി ആരുമില്ലാത്തപ്പോൾ ഫാനെല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നു, ബൾബ് എല്ലാം തെളിഞ്ഞുകിടക്കുന്നു...! മറ്റൊരിടത്ത് ഒരു സ്റ്റേഡിയത്തിൽ ആവശ്യമില്ലാതെ എല്ലാ ലൈറ്റുകളും തെളിഞ്ഞുകിടക്കുന്നു. വൈദ്യുതി ആവശ്യമാണെന്ന് എല്ലാവരും മനസിലാക്കണം. സ്കൂൾതലം മുതൽ ബോധവത്കരണം വേണം. അനാവശ്യ ഉപയോഗം നിയന്ത്രിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കണം. ഇതു നിർബന്ധിച്ചു ചെയ്യിപ്പിക്കേണ്ടതല്ലല്ലോ.
Tags : PowerRestriction Electricity PowerSupply Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash