പ്രതീകാത്മക ചിത്രം
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ ഇന്ന് മുതൽ 15 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. തയ്ക്വണ്ടോ, ജിംനാസ്റ്റിക്സ്, ഫെൻസിംഗ്, റെസ്ലിംഗ്, ചെസ് എന്നീ മത്സരയിനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.
14 ജില്ലകളിൽനിന്നായി ഏകദേശം 2,300 കുട്ടികൾ നാല് ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തലശേരി സായി സെന്ററിൽ ഇന്നും നാളെയും ജിംനാസ്റ്റിക്സ് മത്സരങ്ങൾ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 14വരെ റെസ്ലിംഗ്. 13,14,15 തീയതികളിൽ തയ്ക്വണ്ടോ മത്സരങ്ങളും മുണ്ടയാടു നടക്കും. കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 14, 15 തീയതികളിൽ ചെസ് മത്സരങ്ങളും 14, 15 തീയതികളിൽ തലശേരി ബാസ്കറ്റ്ബോൾ കോർട്ടിൽ ഫെൻസിംഗ് മത്സരങ്ങളും നടത്തും. അഞ്ച് മത്സരയിനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളാവുന്ന വിദ്യാർഥികൾ ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദലി, സൂപ്രണ്ട് കെ.പി. പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സാജിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : SchoolGames Start Sports