പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും ഊരുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്സ് സ്കീമിന് 5,07 കോടി രൂപയുടെ ഭരണാനുമതി. സെപ്റ്റംബര്‍ 19ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ നല്കിയ കത്തും അതേ മാസം 24നു ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ശിപാര്‍ശയും കണക്കിലെടുത്താണു സ്കീമിനു ഭരണാനുമതി ഉത്തരവായത്.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ സമഗ്ര ആദിവാസി ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണു പാരമെഡിക്സ് സ്കീം.
നഴ്സിംഗ്, പാരാമെഡിക്കല്‍ യോഗ്യതയുള്ള 250 പട്ടികവര്‍ഗക്കാരെ സ്കീമില്‍ ഗവ. ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഇവരില്‍ നഴ്സിംഗ്, ഫാര്‍മസി ബിരുദധാരികള്‍ക്ക് മാസം 18,000 രൂപ ഓണറേറിയം നല്‍കും. ജിഎന്‍എം, എഎന്‍എം കോഴ്സുകള്‍ വിജയിച്ചവര്‍ക്കും മറ്റ് അംഗീകൃത പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്കും 15,000 രൂപയായിരിക്കും ഓണറേറിയം.
നഴ്സിംഗ്, ഫാര്‍മസി ബിരുദമുള്ള 150 പേര്‍ക്ക് 12 മാസത്തെ ഓണറേറിയത്തിന് 3,24,00,000 രൂപയുടെ ഭരണാനുമതിയാണു നല്‍കിയത്. ജിഎന്‍എം, എഎന്‍എം കോഴ്സുകള്‍ വിജയിച്ചവര്‍, മറ്റ് അംഗീകൃത പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ ഉള്‍പ്പടെ 100 പേര്‍ക്ക് 12 മാസത്തെ ഓണറേറിയത്തിന് 1,80,00,000 രൂപയുടെ ഭരണാനുമതിയാണുള്ളത്. 250 പേര്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് 3,75,000 രൂപയ്ക്കാണു ഭരണാനുമതി.
സ്കീമില്‍ നിയമനം ലഭിക്കുന്ന നഴ്സുമാരെയും മറ്റും പട്ടികവര്‍ഗ മേഖലകളിലേതടക്കം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിൽ വിന്യസിക്കും. പട്ടികവര്‍ഗ ഊരുകളിലെ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരത്തിന് ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
Tags : Tribal Paramedics Scheme