ജലനയം
കോട്ടയം: കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജലനയം രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. വാട്ടര്‍ അഥോറിറ്റിയുടെ കീഴിലെ ജലവിതരണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
വാട്ടര്‍ അഥോറിറ്റിയെ ജനസേവനത്തിനുള്ള വകുപ്പാക്കി മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി സമ്പൂര്‍ണമായ അഴിച്ചുപണി നടത്തുകയാണ്.
ജൽജീവന്‍ മിഷന് പദ്ധതി താളംതെറ്റിയ നിലയിലാണ്. പൈപ്പുകള്‍ കുഴിച്ചിട്ടതല്ലാതെ ജലവിതരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ജല്‍ ജീവന് മിഷന് കീഴിലുള്ള എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സാവകാശം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു 14 ജില്ലകളിലും അവലോകനയോഗങ്ങള്‍ ചേരും.
ജനപ്രതിനിധികളും വാട്ടര്‍ അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ആദ്യയോഗം നാളെ കോട്ടയത്ത് ചേരും. ജനുവരി ആദ്യം സംസ്ഥാനതലത്തില്‍ വാട്ടര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ജനങ്ങള്‍ക്ക് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് വരുന്നത് സംബന്ധിച്ച് പരാതികളുണ്ട്. ഇതു പരഹരിക്കാൻ എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച പരിശോധന നടത്തുന്നതിനുള്ള ആവശ്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
ഇതു സര്‍ക്കാരും വകുപ്പും വിലയിരുത്തിയിട്ടുണ്ട്. 2022ലെ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സുരക്ഷാ പരിശോധിക്കാന്‍ അനുവാദം ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതു നടപ്പാക്കാന്‍ സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. കേരളവും തമിഴ്നാടും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മോന്‍സ് ജോസഫ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags : Water Policy Deepika DeepikaNewspaper Water Policy Coming