പോളണ്ട് വെടിവയ്പ്
വാർസോ: പോളണ്ടിലെ ക്രോക്കോവ് നഗരത്തിൽ ആറു പേരെ വെടിവച്ചുകൊന്ന ഇരുപത്തഞ്ചുകാരന്റെ വസതിയിൽ നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. പോളിഷ് പൗരനായ ഇയാൾ തീവ്ര വലതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും തീവ്ര ദേശീയവാദി ആയിരുന്നുവെന്നും ആഭ്യന്തര മന്ത്രി മാർസിൻ കെർവിൻസ്കി അറിയിച്ചു.
പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവിന്റെ ഹൃദയഭാഗത്തുണ്ടായ വെടിവയ്പിൽ 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പൊലിസ് വെടിവച്ചു കീഴ്പ്പെടുത്തിയ അക്രമിക്ക് ആശുപത്രിയിൽ അടിയന്തര സർജറി നടത്തി.
പട്ടാളവേഷം ധരിച്ച അക്രമി പട്ടാളക്കാരുടെ തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ, ഇയാൾ പട്ടാളക്കാരനല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽനിന്നു മറ്റ് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.
ക്രാക്കോവിൽനിന്ന് ഇരുനൂറു കിലോമീറ്റർ അകലെ അക്രമിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾ ഇയാളുടെ മാതാപിതാക്കളുടെയും സഹോദരിയുടേതും ആണെന്നാണു പ്രാഥമിക നിഗമനം.
വെടിവയ്പിൽ മരിച്ചവരിൽ ഒരു ബ്രിട്ടീഷ് പൗരൻ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ രണ്ടു പൊലിസുകാരും ഓസ്ട്രിയ, ബ്രിട്ടീഷ്, ജർമൻ, പോർട്ടുഗൽ, റഷ്യൻ പൗരന്മാരും ഉൾപ്പെടുന്നു.
Tags : Poland shooting Deepika DeepikaNewspaper BreakingNews Suspect is a hardline nationalist