പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതിനിടെ, വന്യജീവികളെ വനത്തില്‍ത്തന്നെ ആകര്‍ഷിച്ചു നിര്‍ത്താമെന്ന പ്രതീക്ഷയില്‍ മറ്റൊരു പദ്ധതിയുമായി വനംവകുപ്പ്. വയനാട്, പറമ്പിക്കുളം എന്നീ വനമേഖലകളിലെ പുല്‍മേടുകളും ചതുപ്പുകളും സംരക്ഷിച്ച് വന്യജീവികള്‍ക്കു വെള്ളവും ഭക്ഷണലഭ്യതയും ഉറപ്പാക്കാന്‍ 4.73 കോടി രൂപയുടെ പദ്ധതിയാണു വനംവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വയനാടിനായി 2.65 കോടിയും പറമ്പിക്കുളത്തിനായി 2.08 കോടിയുമാണു ചെലവഴിക്കുക.
വേനല്‍ക്കാലത്ത് വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ആനകള്‍ക്ക് ആവശ്യമായ പുല്ലും വെള്ളവും ലഭ്യമാക്കുക വഴി അവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു തടയാന്‍ സാധിക്കുമെന്നാണു വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.
വനത്തിനുള്ളിലെ ചതുപ്പുകളും വയലുകളും അധിനിവേശ സസ്യങ്ങള്‍ പടര്‍ന്ന് നശിച്ചുപോകാതെ സംരക്ഷിക്കുന്നതും വനങ്ങളിലെ പുല്‍മേടുകളിലെ കളകള്‍ നീക്കംചെയ്യുന്നതും ജലലഭ്യത ഉറപ്പാക്കാന്‍ തടയണകളും ചെറിയ കുളങ്ങളും നിര്‍മിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. വേനല്‍ക്കാലത്ത് കര്‍ണാടക, തമിഴ്നാട് വനങ്ങളില്‍ തീറ്റ, ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ആ പ്രദേശങ്ങളില്‍നിന്നു വയനാട്ടിലേക്കു വന്യജീവികളുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്.
രണ്ട് അയല്‍സംസ്ഥാനങ്ങളെയും അപേക്ഷിച്ച് താരതമ്യേനെ വയനാട്ടില്‍ മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ഇവിടത്തെ പച്ചപ്പ് തേടിയാണ് വന്യജീവികള്‍ ചേക്കേറുന്നത്. ഇതു വയനാട്ടില്‍ വന്യജീവി ശല്യം രൂക്ഷമാക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്ക്കടക്കം പരിഹാരമായിട്ടാണു ചതുപ്പുകളും പുല്‍മേടുകളും സംരക്ഷിക്കാനുള്ള പദ്ധതി.
Tags : hunger Deepika DeepikaNewspaper BreakingNews Do not leave forest driven