മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: ഓട്ടോണമസ് പദവി ലഭിച്ചിട്ടും ഒരു പുതിയ കോഴ്സുപോലും തുടങ്ങാനാകാതെ നൂലാമാലകളില്‍പ്പെട്ടു കിടക്കുന്ന കോളജുകള്‍ക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം നല്കിയ സര്‍ക്കാരിനെ കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയില്‍ അഭിനന്ദിച്ചു. പുതിയ കാലത്തെ കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് കേരളത്തിനു പുറത്തേക്ക് പോകണമെന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിൽ ഈ ഉത്തരവ് നിര്‍ണായകമാകും.
നാട്ടില്‍തന്നെ മികച്ച കോഴ്സുകള്‍ പഠിക്കാനാകുന്നത് പാവപ്പെട്ട വിദ്യാർഥികളുടെ സാമ്പത്തികഭാരം ലഘൂകരിക്കും. ഓട്ടോണമസ് കോളജുകള്‍ നടത്തുന്ന മാനേജ്മെന്റുകളെ മുതലാളിമാര്‍ എന്നും വിദ്യാഭ്യാസ കച്ചവടക്കാര്‍ എന്നും വിളിച്ച് ആക്ഷേപിക്കുന്നവര്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ തന്നെയാണ് ആക്ഷേപിക്കുന്നത്.
ഗവണ്മെന്റ് കോളജുകളിലും എയ്ഡഡ് മേഖലയിലും കോഴ്സുകള്‍ പുനഃക്രമീകരിച്ചുകൊണ്ടും ന്യൂജെന്‍ കോഴ്സുകള്‍ അനുവദിച്ചുകൊണ്ടും ഫീസ് ഇല്ലാതെ പഠിക്കാനുള്ള സാഹചര്യം അധികബാധ്യതയില്ലാതെ സര്‍ക്കാരിന് സൃഷ്ടിക്കാവുന്നതേയുള്ളൂ. യൂണിവേഴിസിറ്റികള്‍ തുറന്ന മനസോടെ ആവശ്യമായ നയങ്ങളും ചട്ടങ്ങളും രൂപീകരിച്ച് കോളജുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
Tags : Autonomous College Deepika DeepikaNewspaper BreakingNews Mar Thomas Tharayil