പ്രതീകാത്മക ചിത്രം
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗം നാളെ തുടങ്ങാനിരിക്കേ വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി വിലയിരുത്താന്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ധാരണ. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തന ശൈലിക്കെതിരേയും എത്ര വലിയവിമര്‍ശനം ഉയര്‍ന്നാലും അത് അംഗീകരിക്കുകയും മാസപ്പടി കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വലിയ അവസരം നല്കണ്ടെന്നുമാണു ധാരണ.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത പരാജയമാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഇക്കാര്യത്തിലേക്കു നയിച്ച കാരണങ്ങള്‍ വിലയിരുത്തി വ്യക്തികേന്ദ്രീകൃത ചര്‍ച്ചകളിലേക്കു പോകാതെ തിരുത്തല്‍ നടപടികളിലേക്കു കടക്കാനാണ് സംസ്ഥാന നേതാക്കള്‍ക്കു താത്പര്യം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വിപുലീകൃത സംസ്ഥാന കമ്മറ്റി സംഘാടക അധ്യക്ഷനായ പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പടെ വിവാദചുഴലിയില് നില്ക്കുന്ന സമയത്താണ് യോഗം എന്നത് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നുണ്ട്.
എന്നാല്‍, ഇരുവരും എല്ലാം പാര്‍ട്ടിക്കുള്ളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആശയക്കുഴപ്പമില്ലെന്നുമാണു നേതാക്കള്‍ പ്രതികരിച്ചത്. കോഴിക്കോട്ടെ ചെങ്കോട്ട ഒന്നാകെ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തേക്കു മാറിയപ്പോഴും എക കനല് തരിയായി സിപിഎം മാനം കാത്ത മുഹമ്മദ് റിയാസിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടാണ് നേതാക്കള്‍ ഉള്‍പ്പടെ സംസാരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കാലിടറിയപ്പോള്‍ പാര്‍ട്ടിയുടെ ജനകീയ മുഖമായി റിയാസ് മാറുകയായിരുന്നു.
നേതാക്കളുടെ പ്രവര്‍ത്തനശൈലിയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായാലും റിയാസിനെ ആക്രമിക്കാനുള്ള സാധ്യത പൊതുവേ കുറവാണ്. ഈ സാഹചര്യത്തിലാണ് റിയാസ് കഴിഞ്ഞദിവസം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതും. ഒപ്പം, താന്‍ സ്വയംകൈ ഉയര്‍ത്തി മന്ത്രിയായതല്ല എന്ന റിയാസിന്റെ പരാമര്‍ശം പാര്‍ട്ടിയില്‍ തനിക്കെതിരേ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ്. റിയാസിനെ വിവാദ വിഷയങ്ങളില്‍ സ്വന്തം തട്ടകത്തില്‍ സേഫ് സോണില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുകയെന്നാണു സൂചന.
ജില്ലകള്‍ തോറും വിപുലീകൃത കമ്മിറ്റി ചേരാന്‍ സിപിഎം
കോഴിക്കോട്: സിപിഎം സംസ്ഥാന വിപുലീകൃതകമ്മിറ്റി യോഗത്തിന് പിന്നാലെ എല്ലാ ജില്ലകളിലും സമാന രീതിയില്‍ വിപുലീകൃത യോഗം ചേരാന്‍ സിപിഎം. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ കേള്‍ക്കാനും കുടുംബയോഗങ്ങളില്‍ ഉള്‍പ്പടെ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിഗണിക്കാനുമാണു ചരിത്രത്തിലാദ്യമായി വിപുലീകൃത ജില്ലാകമ്മിറ്റികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന വിപുലീകൃത യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളും തീരുമാനങ്ങളും അടിത്തട്ടിലേക്ക് എത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണു യോഗം ചേരുന്നത്.
കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും പെരുമാറ്റ പ്രശ്നങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എരിയാ കമ്മിറ്റികളില്‍നിന്നും തെരഞ്ഞെടുക്കുന്നവരും ജില്ലാ കമ്മിറ്റി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വിപുലീകൃത ജില്ലാ കമ്മിറ്റികളില്‍ പിബി അംഗങ്ങള്‍ മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ പങ്കെടുക്കും.
ചായകുടിക്കാന്‍ പോയതല്ലല്ലോ: പരിഹാസവുമായി അലന് ഷുഹൈബ്
കോഴിക്കോട്: പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശത്തിൽ പരിഹാസവുമായി പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് അലന് ഷുഹൈബ്. പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളൂ. ‘ചായകുടിക്കാന്‍ പോയതല്ലല്ലോ’ എന്നാണ് ഷുഹൈബ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്ത സമയത്ത് അവർക്കെതിരായ പൊലിസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവാദ വാചകമായിരുന്നു ഇത്. 2019 നവംബർ ഒന്നിനാണ് യുഎപിഎ കേസിൽ ഇവര്‍ അറസ്റ്റിലായത്.
Tags : KeralaCpm StateCommittee Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash