പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനു നേരെ ഡ്രോൺ ആക്രമണം. ഇറാഖ് അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചെന്നും പൈപ്പ് ലൈന്റെ പ്രവർത്തനം നിർത്തിവെച്ചെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അതേസമയം ഇറാഖ് ഭരണകൂടത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമയം നൽകുകയാണ്.
അതുകൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എന്നാൽ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
Tags : SaudiArabia OilPipeline DroneAttack Deepika DeepikaNewspaper BreakingNews NewsUpdate Headlines GlobalNews DailyNews InDepth NewsFlash