തുർക്കി പ്രസിഡന്‍റ് എർദോഗൻ, സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, പാക് പ്രധാനമന്ത്രി ഷിഹ്ബാസ് ഷരീഫ് എന്നിവർ കഴിഞ്ഞമാസം മെക്കിയിൽ സംയുക്ത സൈനിക ഉടന്പടി ഒപ്പുവച്ചശേഷം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.
ഇസ്‌ലാമാബാദ്: യെമനിലെ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.
യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്‌ലാമാബാദായിരുന്നു.
പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്‍റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.
ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇസ്‌ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.
Tags : Hauthi Pakista Saudi Gulf War