കൊച്ചി: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മെട്രോ മുട്ടം യാര്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ സംരക്ഷണ സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.
കൊച്ചി മെട്രോയില്‍ ബെഹ്റയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കുക, കൊച്ചി മെട്രോയ്ക്ക് വേണ്ടത് യുവ നേതൃത്വം, എക്സ്പയര്‍ ചെയ്യാറായ റിട്ടയറികളെ അല്ല, ഇഷ്ടക്കാരെ തിരുകികയറ്റുന്നതില് എല്‍ഡിഎഫ്-യുഡിഎഫ് രണ്ടല്ല ഇരട്ട പെറ്റ മക്കള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കുന്ന നടപടി നിര്‍ത്തുക, കൊച്ചിക്കാരനായ മുഖ്യന് കൊച്ചിക്കാരെ ചതിക്കരുത് എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 30ന് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. എറണാകുളം ജില്ല കളക്ടര്‍ ജി. പ്രിയങ്കയാണ് താല്‍ക്കാലിക എംഡി. പുതിയ എംഡിയെ നിയമിക്കുന്നതു വരെയുള്ള ഭരണനടപടികള്‍ തടസപ്പെടാതിരിക്കാനാണ് കളക്ടര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.
റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍മാരായ കെ. പദ്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരെ എംഡിയായി പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
Tags : MD Kochi Metro protest poster Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash