x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിസൈൽ വികസിപ്പിക്കാൻ ഹൂതികൾ എഐ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ

വെബ് ഡെസ്ക്
Published: September 11, 2026 05:37 PM IST | Updated: September 11, 2026 05:37 PM IST

പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സുരക്ഷയെ ആശങ്കയിലാഴ്ത്തി നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഗൈഡഡ് മിസൈലുകളും മറ്റ് വിനാശകരമായ ആയുധങ്ങളും വികസിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകൾ തയാറാക്കാൻ പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക്കിന്‍റെ ക്ലോഡ് എഐ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്തതായാണ് പുതിയ വെളിപ്പെടുത്തൽ.

അന്ത്രോപിക് കമ്പനി പുറത്തുവിട്ട 154 പേജുള്ള പുതിയ ഭീഷണി അവലോകന റിപ്പോർട്ടിലാണ് ആയുധ നിർമാണത്തിനായി സാങ്കേതികവിദ്യ ചോർത്തിയെടുത്ത വിവരം വ്യക്തമാക്കുന്നത്. യെമനിലെ ഒരു ആയുധ എൻജിനിയറിംഗ് വിഭാഗമാണ് ക്ലോഡ് കോഡ് ഉപയോഗിച്ച് ആയുധങ്ങളുടെ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കാൻ ശ്രമിച്ചത്.

മൂന്ന് പ്രധാന മിസൈൽ പദ്ധതികൾക്കായി ഇവർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽ സാധാരണ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ക്ലാസ് ഫ്‌ളൈറ്റ് കമ്പ്യൂട്ടറും ഫൈനൽ-ഫേസ് ഹോമിംഗ് ഗൈഡൻസും ഉപയോഗിച്ചുള്ള സംവിധാനം ഗൈഡഡ് റോക്കറ്റുകൾ വികസിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടിസ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ അടക്കമുള്ള അത്യാധുനിക മിസൈൽ വകഭേദങ്ങൾ വികസിപ്പിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.

ഓപ്പൺ സോഴ്‌സ് ഓട്ടോപൈലറ്റ് സംവിധാനത്തെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനും കൺട്രോൾ സോഫ്റ്റ്‌വെയറുകൾ തയാറാക്കുന്നതിനും ഫ്‌ളൈറ്റ് സിമുലേഷനുകൾ നടത്തുന്നതിനുമാണ് ഹൂതികൾ പ്രധാനമായും ക്ലോഡിന്‍റെ സഹായം തേടിയത്. ഒരേസമയം ക്ലോഡിന്‍റെ ഒന്നിലധികം സെഷനുകൾ പ്രവർത്തിപ്പിച്ച് ഒന്നിൽ കോഡിംഗും മറ്റൊന്നിൽ ഗവേഷണവും മൂന്നാമത്തേതിൽ പരിശോധനയും നടത്തിയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.

എന്നാൽ ഹൂതികൾ പരീക്ഷണാർഥം വിക്ഷേപിച്ച ഗൈഡഡ് റോക്കറ്റ് പരാജയപ്പെടുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിക്ഷേപണം പരാജയപ്പെട്ട് മണിക്കൂറുകൾക്കകം സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഇവർ വീണ്ടും ക്ലോഡിന്‍റെ സഹായം തേടിയതായും അന്ത്രോപിക് വെളിപ്പെടുത്തുന്നുണ്ട്.

ആയുധ നിർമാണത്തിനായി ക്ലോഡ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ആറ് പ്രധാന സംഭവങ്ങളിൽ ഒന്നാണ് യെമനിലേത്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംഘടനകളും തോക്കുകൾ, ഡ്രോണുകൾ, ബോംബുകൾ, സൈബർ ആക്രമണങ്ങൾ, ജൈവായുധ ഗവേഷണം എന്നിവയ്ക്കായി നിർമിത ബുദ്ധി ഉപയോഗിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Tags : Develop Houthis Missiles Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up