വെങ്കലയുഗത്തിലെ 'ടോളണ്ട് മാൻ'.
ചിത്രങ്ങളിലും ദൃശ്യങ്ങളിലും മാത്രം കണ്ടിട്ടുള്ള ചരിത്രശേഷിപ്പുകളെ നേരിട്ടു കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, വിശുദ്ധന്മാര് മുതല്‍ പുരാതന മനുഷ്യര്‍ വരെയുള്ളവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്നും മ്യൂസിയങ്ങളിലും പള്ളികളിലും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു. വിവിധ രാജ്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന, പൊതുജനങ്ങൾക്കു സന്ദർശനം അനുവദിച്ചിട്ടുള്ള ഒമ്പതു ചരിത്രശേഷിപ്പുകൾ മനസിലാക്കാം.
1. ഗലീലിയോ ഗലീലിയുടെ നടുവിരല്‍
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവായ ഗലീലിയോ ഗലീലിയുടെ കൈവിരല്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലുള്ള 'മ്യൂസിയോ ഗലീലിയോ'യില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അസ്ഥികൂടത്തില്‍നിന്നു വേര്‍പെടുത്തിയ നടുവിരൽ സന്ദർശകർക്കു കാണാം. പ്രത്യേക ഗ്ലാസ് പേടകത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രലോകത്തിന് അദ്ദേഹം നല്കിയ സംഭാവനകളുടെ ഭൗതിക സ്മാരകമായി ഇതു നിലകൊള്ളുന്നു.
അസ്ട്രോണമിക്കൽ ടെലിസ്കോപ്പ്, ജ്യോമെട്രിക് ആൻഡ് മിലിറ്ററി കോമ്പസ്, തെർമോസ്കോപ് (തെർമോമീറ്ററിന്റെ ആദ്യരൂപം) തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് ഗലീലിയോ.
2. വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി
കത്തോലിക്കാ സഭയിലെ വിശുദ്ധനും പാശ്ചത്യ തത്വചിന്തയിലെ പ്രമുഖനുമായിരുന്ന വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി നേപ്പിള്‍സിലെ 'സാന്‍ ഡൊമെനിക്കോ മജിയോറെ' പള്ളിയില്‍ പുണ്യശേഷിപ്പായി സൂക്ഷിച്ചിട്ടുണ്ട്. വിശ്വാസികള്‍ വലിയ ആദരവോടെയാണ് ഈ വിശുദ്ധ തിരുശേഷിപ്പു കാണാനെത്തുന്നത്. 1272-1274 കാലഘട്ടത്തിൽ അക്വിനാസ് ഈ മഠത്തിലാണു ജീവിച്ചിരുന്നത്.
വെങ്കലം, വെള്ളി, ഗ്ലാസ് എന്നിവ കൊണ്ടു നിർമിച്ച പ്രത്യേക പെട്ടിയിലാണ് അസ്ഥി പൊതുജനങ്ങൾക്കു ദർശിക്കാൻ സാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്.
3. സിയന്നയിലെ വിശുദ്ധ കാതറിന്റെ ശിരസ്
വിശുദ്ധ കാതറിന്റെ ശിരസ് ഇറ്റലിയിലെ സിയന്നയിലുള്ള 'ബസിലിക്ക കാറ്ററിനിയാന സാന്‍ ഡൊമെനിക്കോ' പള്ളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. 600-ലേറെ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തേജസോടെ വിശുദ്ധയുടെ ശിരസ് ദർശിക്കാം.

4. വ്ളാഡിമിര്‍ ലെനിന്റെ മൃതദേഹം
സോഷ്യലിസ്റ്റ് വിപ്ലവ നേതാവ് വ്ളാഡിമിര്‍ ലെനിന്റെ ഭൗതികശരീരം മോസ്കോയിലെ റെഡ് സ്ക്വയറിലുള്ള മൗസോളിയത്തില്‍ എംബാം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 1924-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ശരീരം സുതാര്യമായ ഗ്ലാസ് ശവപ്പെട്ടിയില്‍, ജീവസുറ്റ രീതിയില്‍ ഇന്നും പൊതുജനങ്ങള്‍ക്കു കാണാം.
പ്രതിവർഷം എകദേശം 25 ലക്ഷത്തോളം സന്ദർശകർ ഇവിടെ എത്താറുണ്ടെന്നാണു കണക്ക്. സന്ദർശകർ കർശന നിയമങ്ങൾ പാലിക്കേണ്ടിവരും. ചട്ടവിരുദ്ധമായി പ്രവർത്തിച്ചാൽ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കും.
5. റോസാലിയ ലൊംബാര്‍ഡോ (ഉറങ്ങുന്ന സുന്ദരി)
ലോകത്തിലെ ഏറ്റവും പ്രശസ്തയായ മമ്മിയാണ് റോസാലിയ ലൊംബാര്‍ഡോ. ഇറ്റലിയിലെ സിസിലിയിലുള്ള 'കപ്പുചിന്‍ കാറ്റകോംബ്സിലാണ്' രണ്ടു വയസില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേക രാസമിശ്രിതം ഉപയോഗിച്ച് എംബാം ചെയ്തതിനാല്‍ ഇന്നും ജീവനുള്ള കുട്ടി ഉറങ്ങുന്നതുപോലെ തോന്നും.
.1789127595.jpg)
6. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ മസ്തിഷ്കം
മഹാനായ ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോറിന്റെ ഭാഗങ്ങള്‍ ഫിലാഡല്‍ഫിയയിലെ മ്യൂട്ടര് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1955-ല്‍ അദ്ദേഹത്തിന്റെ മരണശേഷം ഡോ. തോമസ് ഹാര്‍വി പഠനാവശ്യങ്ങള്‍ക്കായി വേര്‍പെടുത്തിയ തലച്ചോറിന്റെ ചില ഭാഗങ്ങളാണ് ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
7. മാവോ സെ തുംഗിന്റെ ഭൗതികശരീരം
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ മാവോ സെ തുംഗിന്റെ ഭൗതികശരീരം ബീജിംഗിലെ ടിയാനന്മെന് സ്ക്വയറിലുള്ള മൗസോളിയത്തില്‍ എംബാം ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഗ്ലാസ് പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരം കാണാന്‍ ദിനംപ്രതി ആയിരക്കണക്കിനു സന്ദർശകരാണെത്തുന്നത്.
8. ടുട്ടന്‍ഖാമന്‍ രാജാവിന്റെ മമ്മി
പുരാതന ഈജിപ്ഷ്യന്‍ ഫറവോയായ ടുട്ടന്‍ഖാമന്റെ മമ്മി ഈജിപ്തിലെ ലക്സറിലുള്ള വാലി ഓഫ് കിംഗ്സിലെ ഭൂഗര്‍ഭ കല്ലറയില്‍ തന്നെയാണ് ഇന്നും സൂക്ഷിച്ചിരിക്കുന്നത്. കൃത്രിമ രാസവസ്തുക്കളില്ലാതെ പുരാതന ഈജിപ്ഷ്യന്‍ രീതിയില്‍ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ട മമ്മിയാണിത്.
9. ടോളണ്ട് മാന്‍
പുരാതന കാലത്തെ സാധാരണക്കാരുടെ ശരീരവും നശിക്കാതെ ലഭിച്ചിട്ടുണ്ട്. വെങ്കലയുഗത്തില്‍ ജീവിച്ചിരുന്ന 'ടോളണ്ട് മാന്‍' എന്നു നാമകരണം ചെയ്ത മനുഷ്യന്റെ ശരീരം ഡെന്മാര്ക്കിലെ ചതുപ്പുനിലത്തില്‍ നിന്നാണു കണ്ടെത്തിയത്. ചതുപ്പിലെ പ്രത്യേക രാസസാഹചര്യങ്ങള് കാരണം ചര്‍മവും മുഖവും കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടു. നിലവില്‍ ഡെന്മാര്ക്കിലെ സില്ക്കെബോര്ഗ് മ്യൂസിയത്തില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി സഞ്ചാരികൾ എത്തുന്ന ചരിത്രകേന്ദ്രമാണിത്.
Tags : ScienceNews Archaeology GalileoGalilei VladimirLenin SleepingBeauty St.ThomasAquinas St.CatherineofSiena