മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിന് സമീപത്തെ തീയേറ്ററിൽ തീപിടുത്തം
മധുര: മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിന്റെ പടിഞ്ഞാറൻ ഗോപുരത്തിന് സമീപമുള്ള പ്രശസ്തമായ പഴയ 'സെൻട്രൽ തിയേറ്റർ' സമുച്ചയത്തിൽ വൻ തീപിടുത്തം. വൈകുന്നേരത്തോടെയാണ് തിയേറ്റർ കെട്ടിടത്തിൽ നിന്നും പുകയും തീയുമുയർന്നത്. 15 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളായി.
തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേനയും പോലീസും സ്ഥിരീകരിച്ചു. കോവിഡ് കാലം മുതൽ പ്രവർത്തനരഹിതമായിരുന്ന തിയേറ്റർ നിലവിൽ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു.
കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്നതാണ് കെട്ടിടത്തിനുള്ളിൽ തീ പെട്ടെന്ന് പടരാൻ കാരണം. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
മീനാക്ഷി ക്ഷേത്രത്തിലെ കുുംഭാഭിഷേക ചടങ്ങുകൾ ആരംഭിച്ച സമയത്താണ് സംഭവം. ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ് തിയേറ്ററെങ്കിലും ക്ഷേത്ര സമുച്ചയങ്ങൾക്കോ സമീപത്തെ വീടുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
സമീപത്ത് അഗ്നിശമന സേനാ വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തീനിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
Tags : DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash