പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരേ വിജിലൻസിന് കേസെടുത്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചതായി വിവരം. ഇക്കാര്യത്തിൽ വിജിലൻസിന് പ്രാഥമികാന്വേഷണം നടത്താനേ കഴിയൂ. തുടർന്ന് എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ കേസെടുത്ത് അന്വേഷിക്കാൻ കഴിയുകയുള്ളൂ.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി. ആസിഫലിയുമായി ചർച്ച നടത്തിയ ശേഷം തിങ്കളാഴ്ച വിശദ നിയമോപദേശം നൽകാമെന്നും എജി രാജു ബാബു സർക്കാരിനെ അറിയിച്ചു. ഇതോടെ മറിച്ചെന്തെങ്കിലും സംഭവിക്കണമെങ്കിൽ ഡിജിപിയുടെ നിയമോപദേശം നിർണായകമാകും.
കൊച്ചിയിലെ സിഎംആർഎല്ലുമായി പിണറായി വിജയന്റെ മകൾ ടി. വീണയുടെ പണമിടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കും മുൻമന്ത്രിക്കും എതിരേ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇഡിയുടെ കത്തിൽ ഇല്ലെന്നാണ് എജി പറയുന്നത്.
വീണയുടെ പണമിടപാടുകളെല്ലാം ബാങ്കുവഴിയാണ്. ഹവാല ഇടപാടിലും അഴിമതിയിലും രണ്ട് ജനപ്രതിനിധികൾക്ക് പങ്കുണ്ടെന്നതിന് തെളിവില്ല.
സിഎംആർഎല്ലിൽ നിന്ന് വീണ വഴി പിണറായി വിജയൻ 3.28 കോടി കൈപ്പറ്റിയെന്നാണ് ഡിജിപിക്ക് ഇഡി നൽകിയ കത്തിലുള്ളത്. ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയതിന്റെ വിവരങ്ങളും 20.05 കോടിയുടെ ഹവാലയെന്ന് സംശയിക്കുന്ന പണമിടപാട് കണക്കുകളും ലഭിച്ചതായും പറയുന്നു. എന്നാൽ ദുബായിൽ ആർക്കാണ് പണം നൽകിയതെന്ന് ഇഡിയുടെ കത്തിൽ ഇല്ല.
വീണ റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കു പണം നൽകിയത് അക്കൗണ്ട് വഴിയാണ്. ഇതിന്റെ രേഖകൾ ഇഡിയുടെ കത്തിനൊപ്പമുണ്ട്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളിൽ പിണറായിയെയും റിയാസിനെയും ബന്ധിപ്പിക്കുന്ന തെളിവുകൾ ഇഡിയുടെ കത്തിനൊപ്പമില്ല. പകരം റിയാസിനെതിരേ സുഹൃത്ത് ഹസൻ നൽകിയ മൊഴിയാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴി നൽകിച്ചതെന്ന് ഹസൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതു കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
Tags : AG Evidence Insufficient PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash