2025 മാർച്ച് 16 ന് നടന്ന പൂയംകുട്ടിയിൽ നടന്ന ജനകീയ സമരം (ഫയൽ ചിത്രം).
കോതമംഗലം: ആലുവ - മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം മാർച്ച് 16ന് നടന്ന ജനകീയസമരത്തിൽ പങ്കെടുത്ത ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്ത്തകര്ക്കുമെതിരേ വനംവകുപ്പും പൊലിസും രജിസ്റ്റർ ചെയ്ത കേസ് ഒഴിവാക്കുമെന്ന പ്രഖ്യാപനം മുൻ സർക്കാർ നടപ്പാക്കിയില്ല.
സമരക്കാർക്കെതിരേ അന്നു കേസെടുത്തത് ഏറെ വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നു.
കോതമംഗലം രൂപതയും ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് അന്നത്തെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി. രാജീവും കോതമംഗലം എംഎല്‍എയായിരുന്ന ആന്റണി ജോണും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി.
എന്നാല്‍ കേസുകളുടെ തുടര്‍നടപടികള്‍ നിർത്തിവയ്ക്കാനായിരുന്നു തീരുമാനം. ബിഷപ് മാര്‍ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വനംവകുപ്പ് എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
വനംവകുപ്പിന്റെ പരാതിപ്രകാരം പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരിൽ സമരത്തിൽ പങ്കെടുത്ത മണികണ്ഠൻചാൽ സ്വദേശികളായ ഷിനോ വർക്കി തോട്ടപ്പള്ളിൽ, ഷിബു ജോർജ് പുന്നത്താനത്ത്കുന്നേൽ, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവർക്കെതിരേ കോതമംഗലം കോടതിയിൽ സമർപ്പിച്ചിരുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് കുട്ടമ്പുഴ പൊലിസ്.
രാജപാത വിഷയത്തിൽ ജനകീയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരേ എടുത്തിരിക്കുന്ന കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കാൻ തയാറാകണമെന്ന് കേസിൽ പ്രതിസ്ഥാനത്തുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും വനം മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണു കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ.
Tags : Rajapatha ProtestCase NotWithdrawn Police ChargeSheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash