ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധവും പ്രാദേശിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് ചർച്ചയിൽ മുൻഗണന നൽകിയത്.
അമേരിക്കയുടെ ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും അംഗരാജ്യങ്ങളുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും പെസഷ്കിയാൻ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽ തൊഴിലാളികളുടെ സുരക്ഷയ്ക്കും ഊർജ വിതരണം തടസപ്പെടാതിരിക്കാനുമുള്ള സുരക്ഷിത സമുദ്രപാതകൾ ഉറപ്പാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകി.
സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. യു.എസ് ഉപരോധങ്ങളെ പ്രതിരോധിക്കാൻ ബ്രിക്സ് ബാങ്കിലൂടെയും അംഗരാജ്യങ്ങളുടെ കറൻസികളിലൂടെയുള്ള വ്യാപാരത്തിലൂടെയും സാമ്പത്തിക പ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറാനും തമ്മിലുള്ള പരമ്പരാഗത ബന്ധം മെച്ചപ്പെടുത്താനും ബ്രിക്സ് പങ്കാളിത്തം വഴി ഇരുരാജ്യങ്ങളുടെയും പുരോഗതി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
Tags : PMModi IranianPresident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash