അരീന സബലെങ്ക, എലെന റെബാകിന
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് കിരീടത്തിനായി ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കും. നിലവിലെ ചാന്പ്യനും ഒന്നാം നമ്പറുമായ ബെലാറൂസിന്റെ അരീന സബലെങ്കയും രണ്ടാം നമ്പറായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും തമ്മിലാണ് കിരീടപോരാട്ടം.
റെബാകിന സെമിയില്‍ പ്രവേശിച്ചതോടെ അടുത്ത ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറത്തുവരുന്ന അടുത്ത റാങ്കിംഗ് അനുസരിച്ച് റെബാകിന ഒന്നിലും സബലെങ്ക രണ്ടിലുമായിരിക്കും. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍.
സബലെങ്ക
അരീന സബലെങ്ക യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. 2023ല്‍ ഫൈനലില്‍ കൊക്കൊ ഗൗഫിനോടു പരാജയപ്പെട്ട സബലെങ്ക, 2024ല്‍ ജെസീക്ക പെഗുലയെയും 2025ല്‍ അമാന്‍ഡ അനിസിമോവയെയും തോല്‍പ്പിച്ചു ട്രോഫി സ്വന്തമാക്കി. നാലു ഗ്രാന്‍ഡ്സ്ലാം (രണ്ട് യുഎസ് ഓപ്പണും രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണും) സബലെങ്കയ്ക്കുണ്ട്.
സെമിയില്‍ അമേരിക്കയുടെ ജെസീക്ക പെഗുലയെ കീഴടക്കിയായിരുന്നു അരീന സബലെങ്കയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍: 7-5, 6-2.
റെബാകിന
എലെന റെബാകിന യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യം. 2025ല്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ എലെന റെബാകിന, അമേരിക്കയുടെ നാലാം സീഡായ കൊക്കൊ ഗൗഫിനെയാണ് സെമി ഫൈനലില്‍ വീഴ്ത്തിയത്. സ്കോര്‍: 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കസാക്കിസ്ഥാന്‍ താരത്തിന്റെ തിരിച്ചുവരവു ജയം എന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2026), വിംബിള്‍ഡണ്‍ (2022) കിരീടങ്ങള്‍ നേടിയ റെബാകിന മൂന്നാം ഗ്രാന്‍ഡ്സ്ലാം ആണു ലക്ഷ്യംവയ്ക്കുന്നത്.