പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്സി അംഗങ്ങൾ.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ഐജിക്കു പിഎസ്സി കത്ത് നൽകി. 15 മുതൽ പിഎസ്സിയിൽ വച്ച് എപ്പോൾ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. പിഎസ്സി അംഗങ്ങളുടെ മുറിയിൽ വച്ച് മൊഴിയെടുക്കാമെന്നും കത്തിൽ അറിയിച്ചു.
വ്യാഴാഴ്ച പൊലിസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫിസുകളിൽ നോട്ടീസ് എത്തിച്ചത്. ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്പി സഖറിയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം. ആര്. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഉദ്യോഗസ്ഥരെ പ്രതികളാക്കും
ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽ നടന്ന തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും. പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ പ്രതിയാക്കി കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകും.
ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ചുമതല ഇവർക്കായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരക്കടലാസുകൾ പരിശോധകർക്ക് കൈമാറേണ്ടത്. മാർക്കിട്ടശേഷം തിരികെ ലഭിക്കുമ്പോൾ രണ്ട് ഉദ്യോഗസ്ഥരും പരിശോധിക്കുകയും വേണം.
എന്നാൽ, കൈമാറുമ്പോഴും തിരികെ ലഭിച്ചപ്പോഴും പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പത്ത് ഉത്തരങ്ങളാണ് ഓൺസ്ക്രീൻ മാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയത്. രണ്ട് ഉദ്യോഗസ്ഥർക്കെതിരേയുള്ള റിപ്പോർട്ട് അന്വേഷണസംഘം മേധാവി ഐജി അജിതാ ബീഗം സർക്കാരിനു കൈമാറി.
ഹരിക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. സർവീസിൽനിന്ന് വിരമിച്ച സതീഷിനെതിരേയും നടപടിയുണ്ടാവും. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.
പിഎസ് സി പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പടെ പിഎസ് സി അംഗങ്ങളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുന്നു. ചെയർമാനുൾപ്പടെയുള്ള 16 അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
നിലവിൽ കേസെടുത്തിട്ടുള്ള ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിന് അഭിമുഖം നടത്തിയത് പിഎസ്സി ചെയർമാന്റെ നേതൃത്വത്തിലുള്ള ബോർഡാണ്.
മൂല്യനിർണയത്തിലെ അപാകതയിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അറിയാനാണ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത്. നോട്ടീസ് മാറ്റി പുതിയത് നൽകുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലേക്കു നടത്തിയ നിയമനങ്ങൾ പൂർണമായും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് ഔദ്യോഗിക കത്ത് നൽകി.
ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ പ്രധാന ചോദ്യങ്ങളുടെ മൂല്യനിർണയം അപൂർണമായിരുന്നുവെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അരുൺ പ്രതാപ്, സജി മോൻ എന്നിവരുടെ നിയമനമാണ് നിലവിൽ സംശയനിഴലിൽ നിൽക്കുന്നത്.
Tags : Exam Irregularity PSCMembers CrimeBranch Headquarters NotVisit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash