കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Street dog kayamkulam students alappuzha