ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെയെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിക്കെതിരേ കേസ്. തിങ്കളാഴ്ച രാത്രി 12നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുറത്ത് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബുകൾക്കും പൈപ്പുകൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അദ്ഭുതകരമായ3ണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ ക്രൂരത കാട്ടിയ വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിക്കെതിരേ പോലീസ് കേസെടുത്തു. നിലവിൽ പോലീസ് സംരക്ഷണയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവ സംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തം കണ്ടത്. ഇതേസമയം ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്നു കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വീണ സ്ഥലത്തിന് തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിന്റെ വലിയ കോൺക്രീറ്റ് സ്ലാബും പിവിസി പൈപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി. ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയതെ ജീവനക്കാർ ഓടിയെത്തുകയായിരുന്നു.
ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്കെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും വേഗമേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 3.200 കിലോ തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
ആശുപത്രി അധികൃതർ ഉടൻ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Newborn baby Case throw alappuzha