നടി അഞ്ജു കുര്യന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ജു പങ്കുവച്ച ഒരു സ്പാ ബില്ലാണ് കൗതുകം ജനിപ്പിക്കുന്നത്. ബില്ലിൽ 7.25 ലക്ഷം എന്ന വലിയ തുക കണ്ടതോടെ പലരും അമ്പരന്നെങ്കിലും, യഥാർത്ഥത്തിൽ സംഗതി അത്ര വലിയ പണച്ചെലവുള്ള കാര്യമല്ല എന്നതാണ് വാസ്തവം.
ഇന്തോനേഷ്യയിലെ ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന അഞ്ജു, അവിടെയുള്ള കറൻസിയായ റുപിയയിലാണ് ബില്ല് അടച്ചത്. അഞ്ജു പങ്കുവെച്ച 7,25,000 റുപിയ എന്നത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 3,800 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിൽ മാത്രമേ വരുന്നുള്ളൂ. ഒരു നേരമ്പോക്കിനായി താരം പങ്കുവെച്ച ഈ സ്റ്റോറി കണ്ടവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. പിന്നീടാണ് യഥാർഥ്യം എല്ലാവർക്കും മനസിലാകുന്നത്.
മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് അഞ്ജു കുര്യൻ. നേരം, പ്രേമം തുടങ്ങിയ വൻ വിജയമായ ചിത്രങ്ങളിലൂടെ കരിയർ തുടങ്ങിയ അഞ്ജുവിന് വലിയൊരു ബ്രേക്ക് നൽകിയത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയാണ്.
ഫഹദ് ഫാസിലിനൊപ്പം ശ്രുതി എന്ന വേഷത്തിൽ അഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു. വിനീത് ശ്രീനിവാസൻ, ദിലീപ്, നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി ചുരുങ്ങിയ കാലം കൊണ്ട് അഞ്ജു തിളങ്ങി.
മോഡലിംഗ് രംഗത്തും ഏറെ സജീവമായ അഞ്ജു സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റിയാണ്.