തൃശൂർ: അവധിക്കാലത്ത് ആവേശംചോരാത്ത കായികപരിശീലനങ്ങളിൽ സജീവമായി കുട്ടികൾ. നീന്തൽമുതൽ കരാട്ടെയും കുങ്ഫുവും ചെസുമടക്കമുള്ള പരിശീലനങ്ങളിലാണ് കുട്ടികൾ ഭാഗഭാക്കാകുന്നത്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ക്യാന്പ്.
19 ഇനങ്ങളിലായി 1500 കുട്ടികളാണ് പങ്കെടുക്കുന്നത്. നീന്തൽ, ആർച്ചറി, ടേബിൾ ടെന്നിസ്, ജുഡോ, ബോക്സിംഗ്, തായ്ക്വോണ്ടോ, കരാട്ടെ, ഭാരോദ്വഹനം എന്നിവ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിലുള്ള അക്വാട്ടിക് കോംപ്ലക്സിലാണ് നടക്കുന്നത്. നീന്തലിനു നിലവിൽ ഒരു ബാച്ചിൽ 350 പേരുണ്ട്. 2,000 രൂപയാണു ഫീസ്. നീന്തലിനാവശ്യമായ വസ്ത്രങ്ങളും കൊണ്ടുവരണം.
ബാസ്കറ്റ്ബോൾ, ബാഡ്മിന്റണ്‍, ഷട്ടിൽ, ജിംനാസ്റ്റിക്സ്, റോളർ സ്കേറ്റിംഗ്, ചെസ്, യോഗ എന്നിവ ഇൻഡോർ സ്റ്റേഡിയത്തിലും ഫുട്ബോൾ, അത്ലറ്റിക്സ് എന്നിവ കോർപറേഷൻ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ നേരിട്ടും അസോസിയേഷനുകളുടെ സഹകരണത്തോടെയുമാണ് ക്യാന്പുകൾ.
പങ്കെടുക്കുന്നവർക്കു ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. മികച്ച പ്രകടനം നടത്തുന്നവരെ കായികതാരങ്ങളാക്കാനുള്ള ശാസ്ത്രീയരീതിയിലാണ് പരിശീലനം. ചെസ് അക്കാദമി, ബാസ്കറ്റ്ബോൾ അക്കാദമി, ബാഡ്മിന്റണ്‍ അക്കാദമി, സ്വിം തൃശൂർ എന്നിങ്ങനെ അവധിക്കാല ക്യാന്പുകൾക്കുശേഷം സ്ഥിരം പരിശീലനവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ നേതൃത്വത്തിൽ നടത്തും.
ഒളിന്പ്യൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചെസ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കു സ്ഥിരം പരിശീലനം നൽകാൻ ബാഡ്മിന്റണ്‍ അക്കാദമി അത്യാധുനികസൗകര്യങ്ങളോടെ വിപുലീകരിക്കും.ബാഡ്മിന്റണ്‍ പുതിയ ബാച്ച് നാലിനും നീന്തൽ 11-നും ആരംഭിക്കു. ജില്ലാ സ്പോർട്സ് കൗണ്‍സിലിൽ രജിസ്റ്റർ ചെയ്യാം.
Tags : nattu vishesham Wake up vacation camps