ജന്തർ മന്ദറിലെ സിജെപി പ്രതിഷേധം
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.
അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.
കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്‍റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്‍റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.
ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്‍റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.
ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Tags : Security Protests CJP NewDelhi JantarMantar