x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ പാ​ലം വ​ലി​ച്ചു; തെ​റി​ച്ച​ത് രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ക​സേ​ര

ക്രിസ്റ്റോ തോമസ്
Published: July 21, 2026 01:26 PM IST | Updated: July 21, 2026 02:35 PM IST

ദി​യ പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​ക്കാ​ല​ത്തെ​യും ആ​കാം​ഷാ​കേ​ന്ദ്ര​മാ​യ പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ വ​ൻ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി. മാ​ണി സി. ​കാ​പ്പ​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും കൈ​ക​ളി​ൽ ഭ​ദ്ര​മെ​ന്ന് ക​രു​തി​യ ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം നി​ലം​പൊ​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ അ​മ​ര​ത്തി​രു​ന്ന ദി​യ പു​ളി​ക്ക​ക​ണ്ട​ത്തി​ന് കേ​വ​ലം ഏ​ഴു​മാ​സ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷം ക​സേ​ര ന​ഷ്ട​മാ​യി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലാ​യി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​യ​ത്. സ്വ​ത​ന്ത്ര​രാ​യി വി​ജ​യി​ച്ച പു​ളി​ക്ക​ക​ണ്ടം കു​ടും​ബാം​ഗ​ങ്ങ​ളാ​യ ബി​നു, ബി​ജു, ദി​യ എ​ന്നി​വ​രെ​യും കോ​ൺ​ഗ്ര​സ് വി​മ​ത മാ​യാ രാ​ഹു​ലി​നെ​യും ഒ​പ്പം കൂ​ട്ടി യു​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 22-ാം വ​യ​സി​ലാ​ണ് ദി​യ പു​ളി​ക്ക​ക​ണ്ടം പാ​ലാ​യു​ടെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​കു​ന്ന​ത്.

എ​ന്നാ​ൽ ചെ​റു​പ്പ​ത്തി​ന്‍റെ ആ​വേ​ശ​വും പു​തു​ര​ക്ത​ത്തി​ന്‍റെ ഊ​ർ​ജ​വു​മാ​യി അ​മ​ര​ത്തെ​ത്തി​യ ദി​യ​യ്ക്ക് മു​ന്ന​ണി​യി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പോ​രു​ക​ൾ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ക​സേ​ര ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ അ​വ​സാ​ന നി​മി​ഷം വ​രെ യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ന്ന​ണി​ക്കാ​യി​ല്ല.

ആ​കെ 26 അം​ഗ​ങ്ങ​ളു​ള്ള കൗ​ൺ​സി​ലി​ൽ 17 പേ​രാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യ്ക്കെ​ത്തി​യ​ത്. എ​ത്തി​യ എ​ല്ലാ​വ​രും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. 12 പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചെ​ത്തി​യ നാ​ല് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​രു സ്വ​ത​ന്ത്ര കൗ​ൺ​സി​ല​റും അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു. ലി​സി​ക്കു​ട്ടി മാ​ത്യു, ബി​ജു മാ​ത്യൂ​സ്, ടോ​ണി തൈ​പ്പ​റ​മ്പി​ൽ, ര​ജി​ത പ്ര​കാ​ശ് എ​ന്നീ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളാ​ണ് വി​പ്പ് മ​റി​ക​ട​ന്ന് വോ​ട്ട് ചെ​യ്ത​ത്.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി ജ​യി​ച്ച് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​യി​ലെ​ത്തി​യ മാ​യാ രാ​ഹു​ലും അ​വി​ശ്വാ​സ​ത്തി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​ത് മു​ത​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു​ണ്ടാ​യി​രു​ന്നു.

കൂ​ടെ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​ന​ത്തി​നാ​യി കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ൻ​ഡ് വി​ട്ടു​ന​ൽ​കി​യ ന​ട​പ​ടി​യെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്ത​തും മു​ന്ന​ണി​ക്കു​ള്ളി​ൽ വ​ൻ ഭി​ന്ന​ത​യ്ക്ക് വ​ഴി​വെ​ച്ചു. ഡി​സി​സി നേ​തൃ​ത്വം വ​രെ നേ​രി​ട്ടി​ട​പെ​ട്ടി​ട്ടും സ്വ​ന്തം പാ​ള​യ​ത്തി​ലെ അ​സം​തൃ​പ്തി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് യു​ഡി​എ​ഫി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

കോ​ൺ​ഗ്ര​സി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ ബി​നു പു​ളി​ക്ക​ക​ണ്ടം ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പ​വും ബി​ജെ​പി​ക്ക് വേ​ണ്ടി​യും മ​ത്സ​രി​ച്ച ശേ​ഷ​മാ​ണ് സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ​നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം എം​ബി​എ പ​ഠ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ദി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലി​റ​ങ്ങി​യ​ത്. ആദ്യ മത്സരത്തിൽ തന്നെ മിന്നും വിജയം സ്വന്തമാക്കി.

ഭ​ര​ണം ന​ഷ്ട​മാ​യ​തോ​ടെ പാ​ലാ​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ച​ര​ടു​വ​ലി​ക​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫും വി​മ​ത​രും ചേ​രു​ന്ന പു​തി​യ കൂ​ട്ടു​കെ​ട്ട് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി. ത​ൽ​ക്കാ​ലം ക​സേ​ര ന​ഷ്ട​മാ​യെ​ങ്കി​ലും പാ​ലാ​യി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് 'പു​ളി​ക്ക​ക​ണ്ടം ബ്ര​ദേ​ഴ്സ്' ന​ൽ​കു​ന്ന​ത്.

Tags : NoconfidenceMotion Passed PalaMunicipality DiyaPulikkakandam

Recent News

Corehub Up