അബ്ദുറഹ്മാൻ
തിരുവനന്തപുരം:ഫുട്ബോൾ താരം മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പങ്കു വ്യക്തമാക്കുന്നത് അടക്കമുള്ള രേഖകൾ പിടിച്ചെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ ആദ്യ യോഗത്തിലാണ് മെസിയുടെ പേരിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട കായിക വകുപ്പിലെ മുഴുവൻ ഫയലുകളും പിടിച്ചെടുത്തു പരിശോധിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച നടപടികൾ എസ്ഐടിയുടെ നേതൃത്വത്തിൽ നടക്കും.
മന്ത്രിയായിരുന്ന അബ്ദുറഹ്മാന്റെ ഓഫിസ് നടത്തിയ ഇ മെയിൽ സന്ദേശങ്ങൾ അടക്കമുള്ള രേഖകളും ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള രേഖകൾ എസ്ഐടി ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ ശേഖരിക്കാൻ എസ്ഐടി തീരുമാനിച്ചത്.മുൻ കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ചില അംഗങ്ങൾ സർക്കാർ
ചട്ടങ്ങൾ മറികടന്ന് വിദേശത്തേയ്ക്ക് ഇ മെയിൽ സന്ദേശങ്ങൾ കൈമാറിയതിന്റെ തെളിവുകളും ശേഖരിക്കും. പിടിച്ചെടുക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാകും ഇതിൽ ഉൾപ്പെട്ടവർ അടക്കമുള്ളവരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
Tags : MessiFraud Records Revealing Seized FormerMinister Role Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash