ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശോഭായാത്ര.
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ പതിനായിരക്കണക്കിന് കുരുന്നുകൾ ശോഭായാത്രകളിൽ അണിനിരന്നത് ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമ്മാനിച്ചു.
പ്രധാന നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കളും പങ്കെടുത്തു.തലസ്ഥാന നഗരിയിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ആവേശം ഒട്ടും ചോർന്നില്ല.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മേയർ വി.വി.രാജേഷുൾപ്പെടെയുള്ളവർ പ്രസംഗിച്ചു. കൃഷ്ണൻ, രുക്മിണി, രാധ തുടങ്ങിയ വേഷങ്ങളിൽ അണിഞ്ഞൊരുങ്ങിയ നിരവധി കുട്ടികൾ നഗരവീഥികളെ വർണാഭമാക്കി. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കിഴക്കേക്കോട്ട ഭാഗത്തേക്ക് നീങ്ങിയ ശോഭായാത്രയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. കൊച്ചി നഗരത്തെ പൂർണമായും അമ്പാടിയാക്കി മാറ്റിക്കൊണ്ട് വിപുലമായ ഘോഷയാത്രയാണ് നടന്നത്.
Tags : SriKrishnaJayanti Krishna Jayanti Janmashtami Kerala Celebrations Devotional