Image for representation
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാ ശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ സുഹൃത്ത് നല്‍കിയ വ്യാജ പീഡന പരാതിയില്‍ പോലീസും പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ദമ്പതികള്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കോടതിക്ക് മുന്നില്‍ ആംബുലന്‍സിലെത്തി ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലുള്ള ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.
വിനുവിന്‍റെ മുന്‍ സുഹൃത്തായ യുവതി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷമാണ് പീഡന പരാതി നല്‍കിയത്. വ്യാജ പരാതിയാണെന്ന് മനസിലായിട്ടും തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തെന്നും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ആംബുലന്‍സില്‍ വച്ച് ഒരു വീഡിയോയും ഇവര്‍ ചിത്രീകരിച്ചിരുന്നു.