പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് സംഘടനയെ അടിമുടി സജ്ജമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം. പ്രധാന നേതാക്കൾക്ക് പുതിയ ക്ലസ്റ്റർ ചുമതലകളും വിവിധ മോർച്ചർകളുടെ പ്രഭാരിമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടു പ്രധാന ക്ലസ്റ്ററുകളായി തിരിച്ച് മുതിർന്ന നേതാക്കളായ എം.ടി.രമേശിനും എസ്. സുരേഷിനുമാണ് മുഖ്യചുമതല നൽകിയിരിക്കുന്നത്. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളുടെ ക്ലസ്റ്റർ ഇൻചാർജായി എം.ടി.രമേശും, മറ്റ് ജില്ലകളുടെ ചുമതല എസ്. സുരേഷും നിർവഹിക്കും.
ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാം ഇൻചാർജിന്റെ നിർണായക ചുമതലയാണ് നൽകിയിരിക്കുന്നത്. കൂടാതെ മിഷൻ 2029 ലക്ഷ്യമിട്ടുള്ള നയങ്ങളുടെയും സെല്ലുകളുടെയും ചുമതല അനൂപ് ആന്റണിക്കും നൽകി.
വിവിധ ഘടകങ്ങളുടെ പ്രഭാരിമാരായി ബി. ഗോപാലകൃഷ്ണൻ (മഹിളാ മോർച്ച), ഷോൺ ജോർജ് (ന്യൂനപക്ഷ മോർച്ച, മീഡിയ, സോഷ്യൽ മീഡിയ), പി. സുധീർ (യുവമോർച്ച), കെ.കെ. അനീഷ്കുമാർ (ഒബിസി മോർച്ച), കെ. സോമൻ (എസ്സി മോർച്ച), പി. ശ്യാംരാജ് (എസ്ടി മോർച്ച), സി. കൃഷ്ണകുമാർ (കിസാൻ മോർച്ച), എസ്. ജയസൂര്യൻ (റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക്), അനൂപ് ആന്റണി (സംസ്ഥാന സെൽ) എന്നിവരെയും നിയമിച്ചിട്ടുണ്ട്.
Tags : Lok Sabha election Bjp Kerala Rajeev Chandrasekhar Cluster