ആക്രമണം നടത്തിയ സ്വതന്ത്ര ഭരദ്വാജ്. സിജെപി സമരം (വലത്ത്)
ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്‍റെ തല അടിച്ചുപൊട്ടിച്ച സംഘപരിവാർ അനുകൂലിയുടെ പ്രസ്താവനയിൽ വെട്ടിലായി ബിജെപി. പെൺകുട്ടിയുടെ അച്ഛന്‍റെ തല അടിച്ചുപൊട്ടിച്ചെന്നും ബിജെപി നേതാക്കളുടെ ഉറച്ച പിന്തുണ കിട്ടിയതിനാൽ ജയിലിൽ പോകേണ്ടിവന്നില്ലെന്നുമാണ് ഇയാൾ ഒരു യു ട്യൂബ് ചാനലിൽ വീരവാദം മുഴക്കിയത്.
ജൂലൈ 20ന് ജന്തർമന്തറിൽ ഡൽഹി പോലീസിന്‍റെ ലാത്തിയും ഷൂസുമണിഞ്ഞാണ് വിദ്യാർഥികളെ നേരിടാൻ സ്വതന്ത്ര ഭരദ്വാജ് എന്ന ഇയാൾ ഇറങ്ങിയത്. ഇതുതന്നെ വിവാദമായിരുന്നു. യു ട്യൂബിൽ ഒരു മണിക്കൂർ നീളുന്ന പോഡ്കാസ്റ്റിലാണ് സമരക്കാരെ താനും കൂട്ടുകാരും കൈകാര്യം ചെയ്തതിന്‍റെ കഥകൾ ഇയാൾ വിളമ്പിയത്. തല അടിച്ചുപൊട്ടിച്ചിട്ടും തനിക്ക് ഡൽഹി ബിജെപിമന്ത്രി കപിൽ മിശ്രയുടെയും മറ്റും പിന്തുണ ഉണ്ടായിരുന്നതിനാൽ ജയിലിൽ പോകേണ്ടി വന്നില്ല എന്നാണ് ഇയാൾ പറയുന്നത്.
വെളിപ്പെടുത്തൽ വിവാദമായതോടെ ഇന്നു സിജെപിയുടെ നേതൃത്വത്തിൽ അക്രമിക്കെതിരേ വധശ്രമം ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ഡൽഹി പോലീസിന്‍റെ ലാത്തിയും ഷൂസുമാണ് ആക്രമണം നടത്തിയപ്പോൾ താൻ ധരിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്.
സമരത്തിനെത്തിയ നിഷു എന്ന വിദ്യാർഥിനിയുടെ പിതാവിനെയാണ് ഇയാൾ ആക്രമിച്ചത്.
നിഷുവിന്‍റെ അച്ഛന്‍റെ തല ഞാൻ അടിച്ചുപൊട്ടിച്ചു. വധശ്രമക്കുറ്റമാണിത്. അയാൾക്ക് തലയിൽ 60 തുന്നൽ ഇടേണ്ടിവന്നു. അച്ഛനു നീതിലഭിച്ചില്ലെങ്കിൽ വിഷം കഴിച്ചു മരിക്കുമെന്നു പറഞ്ഞ് മകൾ പോലീസ് സ്റ്റേഷനു മുന്നിൽ കുറെ നേരം നിന്നു. എന്നിട്ടു വല്ലതും സംഭവിച്ചോ? പിറ്റേദിവസം എന്നെ സ്റ്റേഷനിൽനിന്നു വിട്ടു. എനിക്ക് ജയിലിൽ പോലും പോകേണ്ടിവന്നില്ല. - ഭരദ്വാജ് ചിരിച്ചുകൊണ്ടു ചാനലിൽ പറഞ്ഞു.
ഞാൻ ജയിലിൽ പോയില്ലെന്ന് നിങ്ങൾ എല്ലാവരും അറിയണം. കപിൽ മിശ്ര എന്‍റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയുടെ ഫോൺകോൾ വന്നതുകൊണ്ടാണ് എന്നെ വിട്ടയച്ചതെന്നാണ് പോലീസ് പറഞ്ഞത്. ചിരാഗ് പാസ്വാൻ എന്‍റെ ജ്യേഷ്ഠനെപ്പോലെയാണ്. മോദിജിയും എന്‍റെ ജ്യേഷ്ഠനാണ്. എനിക്ക് ഇവരുടെയെല്ലാം പിന്തുണയുണ്ട്. ഞാനിട്ട ഷൂസ് അതു ഡൽഹി പോലീസിന്‍റേതാണ്. ഒരു ഫോമും പൂരിപ്പിച്ചുനൽകിയില്ലെങ്കിലും ഡൽഹി പോലീസിനെപ്പോലെയാണ് ഞാൻ നടക്കുന്നത്. ഷൂസും ലാത്തിയുമെല്ലാം അവരുടേതാണ്. - ലാത്തി എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
അഭിമുഖം പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തന്നെ രക്ഷിച്ചത് ഡൽഹിമന്ത്രി കപിൽ മിശ്രയാണെന്നു പ്രതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നു സിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. ക്രിമിനലുകൾ പോലീസ് ഒത്താശയിൽ വിദ്യാർഥികളെ മർദിച്ചെന്ന തങ്ങളുടെ വാദം ശരിവയ്ക്കുന്നതാണ് ഭരദ്വാജിന്‍റെ വെളിപ്പെടുത്തലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്കെതിരേ വധശ്രമക്കേസ് ചുമത്തുംവരെ പ്രക്ഷോഭം തുടരാനാണ് സിജെപി തീരുമാനം. അതേസമയം, വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായാണ് ആക്രമിക്കേണ്ടി വന്നതെന്ന ന്യായവുമായി ഭരദ്വാജ് രംഗത്തുവന്നിട്ടുണ്ട്.
Tags : CJP BJP Protest Case DelhiProtest Revelation Attack Police