ഡോ. ധരംവീര ഗാന്ധി
ചണ്ഡീഗഢ്: പഞ്ചാബിലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽനിന്ന് കോൺഗ്രസ് എംപി ഡോ. ധരംവീര ഗാന്ധിയും കുടുംബയും പുറത്ത്. തന്റെ പേരിനൊപ്പം കുടുംബാംഗങ്ങളുടെ പേരുകളും കരട് വോട്ടർ പട്ടികയിൽ ഇല്ലെന്നും എംപി വ്യക്തമാക്കി.
2000 മുതൽ നിലവിലുള്ള വിലാസത്തിലാണ് താമസിക്കുന്നത്. മൂന്നുവട്ടം ലോക്സഭയിലേക്ക് മത്സരിച്ചതും രണ്ടുവട്ടം എംപിയായതും ഇതേ വീട്ടിൽ താമസിക്കുമ്പോഴാണ്. എല്ലാ ഔദ്യോഗിക രേഖകളിലും ഇതുതന്നെയാണ് തന്റെ സ്ഥിരമേൽവിലാസം. എന്നിട്ടും തന്റെ പേരും കുടുംബാംഗങ്ങളുടെ പേരുകളും കരട് പട്ടികയിൽ ഇല്ലെന്നും ധരംവീര ഗാന്ധി വ്യക്തമാക്കി.
2003-ലെ വോട്ടർപട്ടികയിലെ വിവരങ്ങളുമായി തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ വെട്ടിപ്പോയതെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം.
കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായതോടെ ധരംവീര ഗാന്ധി പരാതിയുമായി അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്താനായി പാസ്പോർട്ടും പത്താംക്ലാസ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Tags : SIR Punjab Congress MP Dharamvir Gandhi Family