പ്രതീകാത്മക ചിത്രം
ബംഗളൂരു: മംഗളൂരുവിലെ ബ്ലിങ്കിറ്റിന്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. ഓൺലൈൻ വഴി വിതരണം ചെയ്ത കോഴിമുട്ടകളിൽ പുഴുക്കളെ കണ്ടെത്തി എന്ന പരാതിയെ തുടർന്നാണ് നടപടി. അധികൃതർ നടത്തിയ പരിശോധനയിൽ സംഭരണ കേന്ദ്രത്തിൽ ഭക്ഷണ പദാർഥങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
ഇതിനുപുറമെ ബംഗളൂരു നഗരത്തിലെ പ്രമുഖ ക്ലബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ചില ക്ലബ്ബുകളുടെ അടുക്കളകൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു. അടുക്കളകളിൽ പാറ്റകളെയും കുന്നുകൂടിയ മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡോളേഴ്സ് കോളനിയിലെ ക്ലബ്ബിന്റെ അടുക്കളയിൽ സമൂസ ഉൾപെടെയുള്ള പലഹാരങ്ങൾ ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കിയിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഒരു കാർ ഷെഡ്ഡിനുള്ളിൽ വച്ചായിരുന്നു സമൂസകൾ പരത്തിയിരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും തൊഴിലാളികൾ താമസിക്കുന്നതും ഒരേ മുറിയിലാണെന്നും പരിശോധനയിൽ കണ്ടെത്തി.
ദിവസവും പതിനായിരത്തോളം സമൂസകളാണ് ഉണ്ടാക്കിയിരുന്നത്. ഇവിടെ സമൂസ ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Tags : Deepika BreakingNews Egg Complaint