പിഎസി ചെയർമാൻ കെ.സി.വേണുഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഊർജപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി കർമപദ്ധതി തയാറാക്കണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. പീക്ക് സീസണുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഊർജ സെക്രട്ടറിമാരും എൻടിപിസി ചെയർമാനും സംയുക്ത ചർച്ച നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിഎസി ചെയർമാൻ കെ.സി.വേണുഗോപാൽ പറഞ്ഞു.
350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കായംകുളം എൻടിപിസി പ്ലാന്റിൽ നിലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിവർഷം 100 കോടി രൂപയാണ് പ്രവർത്തനച്ചെലവിനായി കേരളം എൻടിപിസിക്ക് നൽകുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെങ്കിൽ എൻടിപിസിക്ക് സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കേണ്ടിവരുമെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കൃത്യമായ പദ്ധതി തയാറാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും എൻടിപിസി ചെയർമാനും ചേർന്ന് ചർച്ച നടത്തി പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നാണ് നിർദേശം. വൈദ്യുതി ഉത്പാദനശേഷിയുള്ള പ്ലാന്റ് പ്രവർത്തനരഹിതമായി തുടരുന്നതും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : power crisis EnergyCrisis K.C.Venugopal PowerCrisis EnergySector Kayamkulamntpc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash