നിത്യാ വി. രാമൻ, ഡോണൾഡ് ട്രംപ്
ലോസ് ആഞ്ചലസ് അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ മേയർ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനിരീക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മലയാളിയായ നിത്യ വി. രാമന് ചരിത്രവിജയം. അതേസമയം, ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിൽ സോഷ്യലിസ്റ്റുകൾ അധികാരം പിടിച്ചത് ദുരന്തമായിരിക്കുമെന്ന വിമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നു.
ചൊവ്വാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ 52.70 ശതമാനം വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവും സിറ്റി കൗൺസിലറുമായ നിത്യ, നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാവുമായ കാരൻ ബാസിനെ (47.30 ശതമാനം വോട്ട്) അട്ടിമറിച്ചത്. ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ ദക്ഷിണേഷ്യക്കാരിയുമാണ് നിത്യ. ഒരുഘട്ടത്തിലും തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്ത രാഷ്ട്രീയ അതികായനായ കാരൻ ബാസിനെതിരേ ചെറുപ്പക്കാരായ വോട്ടർമാരുടെ ശക്തമായ പിന്തുണയോടെയാണ് നിത്യ ഈ വലിയ വിജയം സ്വന്തമാക്കിയത്.
വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ തോൽവി സമ്മതിച്ച കാരൻ ബാസ്, നിത്യ രാമനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി, വാഷിംഗ്ടൺ ഡിസി മേയർ ജനീസ് ലൂയിസ് ജോർജ് എന്നിവർക്കു പിന്നാലെ നിത്യ രാമനും വിജയിച്ചതോടെ അമേരിക്കയിലെ പ്രധാന നഗരങ്ങളുടെ ഭരണനേതൃത്വത്തിലേക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാക്കൾ എത്തുന്നത് ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
കണ്ണീരണിഞ്ഞ് നിത്യ
വിജയത്തിനുശേഷം ലോസ് ആഞ്ചലസിലെ ഒറിജിനൽ ഫാർമേഴ്സ് മാർക്കറ്റിനു പുറത്ത് മാധ്യമങ്ങളെ കണ്ട നിത്യ രാമൻ വികാരാധീനയായി. ലോസ് ആഞ്ചലസിലെ ജനങ്ങളോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. നഗരത്തെ മഹത്തരമായ ഒരു ഭാവിയിലേക്കു നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നോട്ടുപോകാം -നിത്യ രാമൻ പ്രതികരിച്ചു.
നഗരത്തിലെ പാർപ്പിട പ്രതിസന്ധി, ഭവനരഹിതർക്കുള്ള സഹായങ്ങൾ, പൊതുസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, ഹോളിവുഡ് മേഖലയിലെ തൊഴിൽ സംരക്ഷണം എന്നിവ പരിഹരിച്ചു നഗരസഭയെ വലിയ മാറ്റങ്ങളോടെ പുനഃസംഘടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നു നിത്യ വ്യക്തമാക്കി. പ്രമുഖ ശതകോടീശ്വരൻ റിക്ക് കരുസോ ഉൾപ്പടെയുള്ളവർ നിത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
ജനവിധിയും
കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലുണ്ടായ വൻ കാട്ടുതീയും അതിനെത്തുടർന്നുണ്ടായ ദുരന്തങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായത്. ഡസൻകണക്കിന് ആളുകളുടെ ജീവനെടുക്കുകയും നിരവധി വീടുകൾ ചാമ്പലാക്കുകയും ചെയ്ത ദുരന്തസമയത്ത് മേയർ കാരൻ ബാസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും നഗരസഭയുടെ മോശം ഏകോപനവും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
വരാനിരിക്കുന്ന 2027 സൂപ്പർ ബൗൾ, 2028 സമ്മർ ഒളിമ്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുകയെന്നതാണ് പുതിയ മേയറായ നിത്യ രാമന് മുന്നിലുള്ള പ്രധാന ചുമതല.
വിമർശനവുമായി ട്രംപ്
അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിൽ സോഷ്യലിസ്റ്റ് നേതാക്കൾ അധികാരത്തിൽ വരുന്നത് ചരിത്രം പരിശോധിച്ചാൽ വലിയൊരു ദുരന്തമായിരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.

തൃശൂരിൽനിന്ന് ലോസ് ആഞ്ചലസിലേക്ക്
1981ൽ തൃശൂരിൽ ജനിച്ച നിത്യയുടെ ബാല്യകാലത്തിന്റെ ഒരു ഭാഗം തിരുവനന്തപുരത്തായിരുന്നു. ആറാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്കു കുടിയേറി. അച്ഛൻ വെങ്കിട്ടരാമൻ കെൽട്രോൺ ജീവനക്കാരനും അമ്മ സുധ കേച്ചേരി ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്നു.
2003ൽ ഹാർവാർഡ് സർവകലാശാലയിലെ പഠനത്തിനു ശേഷം ഡൽഹിയിലെത്തിയ നിത്യ, ചേരിനിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചു. തുടർന്ന് 2010ൽ തമിഴ്നാട് കേന്ദ്രീകരിച്ച് ''ട്രാൻസ്പരന്റ് ചെന്നൈ'' എന്ന സംഘടന രൂപീകരിച്ച് കുറഞ്ഞ വരുമാനക്കാരായ ജനവിഭാഗങ്ങളുടെ നഗരവികസന പ്രശ്നങ്ങളിലും അടിസ്ഥാനസൗകര്യ വികസനത്തിലും സജീവമായി ഇടപെട്ടു.
2013ൽ മാസച്യുറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി) യിൽനിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് നിത്യ ലോസ് ആഞ്ചലസിലേക്കു മാറുന്നത്. അവിടെ ഭവനരഹിതർക്കായി ''സെലാ നെയിബർഹുഡ് ഹോംലെസ് കോയലിഷൻ'' സ്ഥാപിച്ചു പ്രവർത്തിച്ചു
Tags : USElectionResult NithyaRaman US Trump Mayor AmericanPolitician