മാർക്കോ റൂബിയോ
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പിന്നാലെ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി യുഎസ്. സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി പൂർത്തിയാകുന്നതുവരെ പദവിയിൽ തുടരുക എന്നത് തന്നെയാണ് തന്റെ പദ്ധതിയെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജിവെക്കുമെന്ന തരത്തിൽ വരുന്ന വാർത്തകൾ എവിടെനിന്ന് ഉത്ഭവിക്കുന്നുവെന്ന് തനിക്കറിയില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.
റൂബിയോ സ്ഥാനമൊഴിയാൻ ആലോചിക്കുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളുമായി അദ്ദേഹം സംസാരിച്ചുവെന്നും മുൻപ് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു. ബ്ലൂംബർഗിന്റെ റിപ്പോർട്ട് പൂർണമായും വ്യാജമാണെന്നും റൂബിയോ 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന തരത്തിൽ 'ദി ഇൻഡിപെൻഡന്റ്' നൽകിയ വാർത്തകൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡിലൻ ജോൺസൺ പ്രതികരിച്ചു.
അതേസമയം 2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന പ്രമുഖരിൽ ഒരാളാണ് മാർക്കോ റൂബിയോ. എന്നാൽ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. 2028-ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് റൂബിയോ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മത്സരരംഗത്തുണ്ടായാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് റൂബിയോ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : MarcoRubio Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash