ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ തലയിൽനിന്നു പിറന്ന വിവിധ ഹെഡറുകൾ.
നിന്നനിൽപ്പിൽ വായുവിലക്ക് ഉയർന്നുചാടുന്ന പുള്ളിപ്പുലി, ഇരയെ ടാർഗറ്റ് ചെയ്തു ചിറകനക്കാതെ വായുവിൽ തങ്ങിനിൽക്കുന്ന കഴുകൻ. തെന്നിയൊഴിയുന്ന മീനിലേക്കു ചാട്ടുളിപോലെ കൂപ്പുകുത്തുന്ന പൊന്മാൻ. ഈ പ്രപഞ്ചാതിശയങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ.
സിആർ 7 ഹെഡറിൽ മാത്രം നിങ്ങൾക്കിതു കാണാം. ഇനിയൊരു തനിപ്പകർപ്പ് ഉണ്ടാവില്ലന്നുറപ്പുള്ള ഒരേയൊരു ഫുട്ബോൾ വിസ്മയം. ഫുട്ബോൾ കാലുകൊണ്ടുള്ള കവിതയാണെന്ന കളിയെഴുത്ത് വിശാരദന്മാരുടെ വാഴ്ത്തുപാട്ടുകളുടെ പൊളിച്ചെഴുത്തായിരുന്നു ക്രിസ്റ്റ്യാനൊയുടെ ഓരോ ഹെഡർ ഗോളുകളും.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ചാമ്പ്യൻസ് ലീഗിൽ റയലിനായി സിആർ7 നേടിയ ഹെഡർ ഗോൾ കാൽപന്തുള്ള കാലത്തോളം ലോകം മറക്കില്ല. 2013ൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലായിരുന്നു ആ റൊണോ വിസ്മയം.
വായുവിൽ 2.93 മീറ്റർ (ഏകദേശം 9.6 അടി) ഉയരത്തിൽ ചാടിയാണ് റൊണാൾഡോ പന്തിനെ തലകൊണ്ടു കുത്തി വലയിലാക്കിയത്. ആ കാഴ്ച ലോകം പലതവണ കണ്ടു. ശാസ്ത്രം ആ ചാട്ടത്തെ ഇന്നും പല നിലയിൽ പഠിച്ചുകൊണ്ടിരിക്കുന്നു. 2019ൽ യുവന്റസിനായി 2.56 മീറ്റർ ഉയർന്ന് ചാടി ഹെഡറിലൂടെ ഗോൾ നേടുമ്പോൾ പന്തിന്റെ വരവിനായി വായുവിൽ തങ്ങിനിന്നത് 1.5 സെക്കൻഡ്! സീരി എയിൽ സംപ്ദോറിയയ്ക്കെതിരേയുള്ള വിജയഗോൾകൂടിയാണ് അന്നു റൊണാൾഡോയുടെ തലയിൽനിന്നു പിറന്നത്.
തന്റെ ഉയരത്തേക്കാൾ ഇരട്ടി ഉയരത്തിൽ ചാടാനുള്ള കഴിവു മാത്രമല്ല സിആർ7നെ വിസ്മയമാക്കുന്നത്. ഉയരത്തിൽ ചാടി വായുവിൽ തങ്ങിനിൽക്കാനുള്ള കഴിവ് അദ്ദേഹത്തെ മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നു. ഫുട്ബോളിലെ ഏറ്റവും ഉയരത്തിൽ ചാടി ഹെഡ് ചെയ്തതിന്റെ റിക്കാർഡ് ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളുകൾ നേടിയതും റോണോയല്ലാതെ മറ്റാരുമല്ല. കരിയറിൽ 160 ഹെഡർ ഗോളുകൾ. സ്കോട്ലൻഡിന്റെ ഇതിഹാസ താരം ഗെർഡ് മുള്ളറാണ് (157) തലപ്പൊക്കത്തിൽ ക്രിസ്റ്റിക്കു പിന്നിൽ.
Tags : CR7Header Football KingfisherDiving DartingFish Sports