പരപ്പ ബിരിക്കുളത്ത് പാമ്പിനെ തവള വായിലാക്കിയപ്പോൾ.
പരപ്പ (കാസർഗോഡ്): പ്രകൃതിയും പാമ്പുകളും കാലങ്ങളായി തവളകളോടു കാണിക്കുന്ന അനീതി സഹിച്ചുമടുത്തപ്പോൾ സ്വയം വിപ്ലവം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് പരപ്പ ബിരിക്കുളത്തെ ഒരു ജെൻ-സി തവള. ചില്ലറക്കാര്യമല്ല, ഇടത്തരം വലിപ്പമുള്ള ഒരു പാമ്പിനെ അപ്പാടെ പിടിച്ചു വിഴുങ്ങുകയാണ് തവള ചെയ്തത്.
ബിരിക്കുളത്തെ വ്യാപാരി ജോസ് ടി. വർഗീസിന്റെ കടയുടെ അടുത്താണ് ഈ അപൂർവ കാഴ്ച കണ്ടത്. ശബ്ദം കേട്ട് നോക്കിയ ജോസ് തന്നെയാണ് ഈ ദൃശ്യം കാമറയിൽ പകർത്തിയത്.
പാമ്പിന്റെ തലഭാഗമാണ് ആദ്യം തവളയുടെ വായിലായത്. ഇതോടെ പാമ്പ് തിരിച്ചൊന്നും ചെയ്യാനാകാത്ത നിലയിലായിപ്പോയി. എന്നിട്ടും അടങ്ങാതെ പാമ്പിനെ മുഴുവനായും വലിച്ചെടുത്തു വിഴുങ്ങുകയായിരുന്നു. അപൂർവ സംഭവം കണ്ട് നാട്ടുകാരും ഓടിക്കൂടി.
തവള രാത്രിയാകുമ്പോഴും ജോസിന്റെ കടയ്ക്കു സമീപമുള്ള കുറ്റിക്കാട്ടിൽ തന്നെയുണ്ടായിരുന്നു. അനങ്ങാനാകാത്ത നിലയിൽ കിടക്കുന്ന തവളയും ചത്തുപോകാനാണ് സാധ്യതയെന്നാണു നാട്ടുകാരുടെ നിഗമനം.
Tags : Frog Devouring Snake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash