രാഷ്ട്രപതി ദ്രൗപദി മുർമു
തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തു നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല (സ്ഥാപനവും നിയന്ത്രണവും) ബിൽ പിൻവലിക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ആവശ്യത്തിന് രാഷ്ട്രപതി അനുമതി നൽകി. ഇതോടെ സ്വകാര്യ സർവകലാശാല സ്ഥാപനവും നിയന്ത്രണവും ബിൽ അസാധുവായി.
പകരം യുഡിഎഫ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ബിൽ ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സ്വകാര്യ സർവകലാശാല ബിൽ മടക്കി നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഗവർണർ മുഖേന കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് നിയമസഭ ഒക്ടോബർ 12ന് പ്രമേയം പാസാക്കിയിരുന്നു.
പിന്നാലെ മുഖ്യമന്ത്രി ഗവർണർക്കു കത്തു നൽകി. ഗവർണറുടെ അഭ്യർഥന അനുസരിച്ച് ബിൽ പിൻവലിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം ഡയറക്ടർ മഹേഷ് ചന്ദ്ര ലോക്ഭവൻ സെക്രട്ടറിക്ക് കത്തയച്ചു.
മുൻ ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ- സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിൽ നിയമനിർമാണവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
കേന്ദ്രസർക്കാർ ആശങ്ക ഉന്നയിച്ചതു ചൂണ്ടിക്കാട്ടി ബിൽ നിയമസഭ തിരിച്ചുവാങ്ങണമെന്നു നിർദ്ദേശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
Tags : President Approval withdraw PrivateUniversityBill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash UDFGovernment