സീമ ഖന്ന
ന്യൂഡൽഹി: വിവാദങ്ങൾക്കിടയിൽ വീണ്ടും യുടേൺ എടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.
കമ്മിഷനിലെ ഐടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്നയുടെ പ്രവർത്തനങ്ങൾക്കുമേൽ നേരത്തേയുണ്ടായിരുന്ന മേൽനോട്ട സംവിധാനം കമ്മിഷൻ പുനഃസ്ഥാപിച്ചു. ഐടി, ഐസിടി വിഭാഗങ്ങളുടെ ചുമതല സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർക്കു നൽകി ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.
പുതിയ തീരുമാനത്തോടെ സീമ ഖന്നയുടെ ഫയലുകൾ സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ മുഖേന മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷണർക്കു മുന്നിൽ എത്തുകയുള്ളൂ.
ജൂലൈ 28ലെ ഉത്തരവിലൂടെയാണ് ഐടി, ഐസിടി വിഭാഗങ്ങളുടെ ചുമതല അന്നത്തെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കുമാറിൽനിന്നു മാറ്റി സീമ ഖന്നയ്ക്ക് നേരിട്ടു നൽകിയത്. ഇതോടെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മേൽനോട്ടമില്ലാതെ സീമ ഖന്നയ്ക്കു നേരിട്ട് കമ്മിഷനു റിപ്പോർട്ട് ചെയ്യാൻ സാധിക്കുമായിരുന്നു.
ഇതിനെതിരേ സഹ കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തയക്കുകയും കമ്മിഷനിലെ പൊരുത്തക്കേട് ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.
Tags : ElectionCommission Reinstates Seema Khanna SupervisoryArrangement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash