പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ സാങ്കേതിക പിഴവെന്ന പിഎസ്സിയുടെ വാദം തെറ്റാണെന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
58 മാർക്കിന്റെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് പരിശോധനയിലൂടെ വ്യക്തമായതായി എസ്ഐടി കണ്ടെത്തി. ഡെമോ മൂല്യനിർണയം നടത്തിയാണ് ക്രമക്കേടിന്റെ സ്വഭാവം അന്വേഷണസംഘം സ്ഥിരീകരിച്ചത്.
മൂല്യനിർണയത്തിലെ സാങ്കേതിക പിഴവാണ് സംഭവത്തിനു കാരണമെന്നായിരുന്നു പിഎസ്സി ചെയർമാൻ ഉൾപ്പടെയുള്ളവരുടെ വിശദീകരണം.
ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി നേരത്തേ നൽകിയ മൊഴി ആവർത്തിച്ചിരുന്നു. വരുംദിവസങ്ങളിൽ പിഎസ്സിയിലെ കൂടുതൽ ഉദ്യോഗസ്ഥരെയും അംഗങ്ങളെയും ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയർമാൻ എം.ആർ. ബൈജു എത്തിയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു. ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി സെക്രട്ടറി സാജു ജോർജ് മൊഴി നൽകിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ചെയർമാൻ നൽകിയ വിവരങ്ങളിൽ ഒട്ടേറെ വൈരുധ്യങ്ങൾ ഉള്ളതായി എസ്ഐടി കണ്ടെത്തി. ചെയർമാൻ എം.ആർ. ബൈജുവിനെ കേസിൽ പ്രതിചേർക്കുന്നതിനായി ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.
വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹൈക്കോടതിയിലെ കേസിൽ വിധി വന്നതിനുശേഷം ഹാജരാകാമെന്ന് അറിയിച്ച് അദ്ദേഹം നിലവിൽ ഒഴിഞ്ഞുമാറിയിരിക്കുകയാണ്
ക്രമക്കേട് കണ്ടെത്തി; നടപടിയില്ല!
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയിട്ടും പിഎസ്സി ഇതുവരെ നിയമനം റദ്ദാക്കിയിട്ടില്ല.
പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ആദ്യ പട്ടിക പ്രകാരം നിയമനം നേടിയ ഉദ്യോഗസ്ഥൻ സർവീസിൽ തുടരുകയാണ്. അരുൺ ജെ. പ്രതാപിനെ മാറ്റുന്നതിൽ പിഎസ് സി ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
Tags : SIT PSCArguments Rejects MajorFaiure NotLapse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash