ക്രിസ്റ്റ്യാനൊ റൊണാൾഡോ
ഫുട്ബോൾ മൈതാനത്ത് ഗോളുകളും റിക്കാർഡുകളുംകൊണ്ട് വിസ്മയം തീർത്തിരുന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് കളിക്കളത്തിനപ്പുറത്തു മറ്റൊരു മുഖമുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളിലൊരാളായ അദ്ദേഹം സമ്പത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന വ്യക്തികൂടിയാണ്.
കുട്ടികളുടെ ചികിത്സയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും കൈത്താങ്ങാകുന്ന റൊണാൾഡോയുടെ സംഭാവനകൾ അദ്ദേഹത്തെ ഫുട്ബോൾ ലോകത്തെ വേറിട്ടൊരു മാതൃകയാക്കുന്നു.
ഏകദേശം 140 കോടി ഡോളർ (13,217 കോടി രൂപ) ആസ്തിയുള്ള റൊണാൾഡോ കായികരംഗത്തുനിന്ന് ശതകോടീശ്വര പട്ടികയിലെത്തിയ ആദ്യ ഫുട്ബോൾ താരമാണ്. എന്നാൽ, സമ്പത്തിന്റെയും പ്രശസ്തിയുടെയും കണക്കുകൾക്കപ്പുറം അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് വർഷങ്ങളായി തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. തന്റെ കരിയറിൽ ഇതുവരെ നാലുകോടി മുതൽ അഞ്ചു കോടി ഡോളർ വരെ (ഏകദേശം 330 കോടി മുതൽ 410 കോടി രൂപ വരെ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ക്രിസ്റ്റ്യാനൊ റൊണാൾഡോ സംഭാവന നൽകിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സംഖ്യ 30 കോടി ഡോളറിലധികം (ഏകദേശം 2,500 കോടി രൂപ) ആണെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. എന്നാൽ, തന്റെ ജീവകാരുണ്യപ്രവർത്തനം കൊട്ടിഘോഷിക്കാൻ റൊണാൾഡോ ഇതുവരെ തയാറായിട്ടില്ലെന്നതാണ് അദ്ദേഹത്തെ വേറിട്ട വ്യക്തിയാക്കുന്നത്.
‘ഡു സംതിംഗ്’ ഉൾപ്പടെയുള്ള സംഘടനകൾ 2015ൽ ലോകത്തെ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കായികതാരമായി റൊണാൾഡോയെ തെരഞ്ഞെടുത്തിരുന്നു.
കഷ്ടപ്പാടുകൾ മറക്കാത്ത ബാല്യം
റൊണാൾഡോയുടെ ബാല്യം അത്ര സുഖകരമായിരുന്നില്ല. പോർച്ചുഗലിലെ മദെയ്റ ദ്വീപിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലായിരുന്നു ജനനം. ജീവിതത്തിലെ പ്രതിസന്ധികളും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ചെറുപ്പത്തിലേ അദ്ദേഹം അനുഭവിച്ചറിഞ്ഞു.
ഫുട്ബോൾ ജീവിതം വഴിത്തിരിവായതോടെ സാഹചര്യങ്ങൾ മാറിയെങ്കിലും ബാല്യകാലത്തെ കഷ്ടപ്പാടുകൾ അദ്ദേഹം മറന്നില്ല. ഒരിക്കൽ താൻ നേരിട്ട ബുദ്ധിമുട്ടുകൾ മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും സഹായഹസ്തം നീട്ടാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും ജീവൻരക്ഷാ സേവനങ്ങൾക്കും അദ്ദേഹം വലിയ പിന്തുണയാണു നൽകിവരുന്നത്.
കുട്ടികൾക്കായി കോടികളുടെ കൈത്താങ്ങ്
കുട്ടികളുടെ ക്ഷേമത്തിനും ചികിത്സയ്ക്കും മുൻഗണന നൽകുന്ന റൊണാൾഡോ, സേവ് ദ ചിൽഡ്രൻ, വേൾഡ് വിഷൻ, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഗുരുതര രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്ന ‘മേക്ക് എ വിഷ്’ ഫൗണ്ടേഷൻ വഴിയും നിരവധി കുട്ടികൾക്ക് സന്തോഷം പകരാൻ അദ്ദേഹത്തിനു സാധിക്കുന്നു.
വാർത്തകളിൽ ഇടംപിടിക്കുന്ന വലിയ സംഭാവനകൾക്കപ്പുറം രോഗബാധിതരായ കുട്ടികൾക്കു വ്യക്തിപരമായി സഹായമെത്തിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. കുട്ടികളുടെ ചികിത്സയ്ക്കും ജീവിതം തിരിച്ചുപിടിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിനുമാണ് അദ്ദേഹത്തിന്റെ സഹായങ്ങളിൽ വലിയൊരു പങ്കും വിനിയോഗിക്കപ്പെടുന്നത്.
റൊണാൾഡോയുടെ ജീവകാരുണ്യ മനോഭാവത്തെ സ്വാധീനിച്ച പ്രധാന അനുഭവങ്ങളിലൊന്ന് അമ്മ ഡൊളോറസ് അവെയ്റോയുടെ രോഗാവസ്ഥയായിരുന്നു. സ്തനാർബുദം ബാധിച്ച അമ്മയെ ചികിത്സിച്ച ആശുപത്രിക്കു നന്ദിസൂചകമായി അദ്ദേഹം വലിയൊരു തുക സംഭാവന നൽകി. അമ്മയുടെ രോഗമുക്തി തന്റെ ജീവിതവീക്ഷണത്തെ ആഴത്തിൽ സ്വാധീനിച്ചെന്നും സമൂഹത്തിനു തിരികെ നൽകാനുള്ള ആഗ്രഹം ശക്തമാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
സമ്മാനത്തുകയും ജീവകാരുണ്യത്തിന്
മൈതാനത്തെ നേട്ടങ്ങൾക്കൊപ്പം ലഭിക്കുന്ന സമ്മാനത്തുകയും ബോണസുകളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നതിലും റൊണാൾഡോ മാതൃകയാണ്. 2016ൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ലഭിച്ച ആറു ലക്ഷം യൂറോയുടെ ബോണസ് വേൾഡ് വിഷന് സംഭാവന ചെയ്തു. അതേവർഷം യൂറോ കപ്പിൽ പോർച്ചുഗൽ കിരീടം നേടിയപ്പോൾ ലഭിച്ച 2.75 ലക്ഷം യൂറോ കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കു കൈമാറി.
യുവേഫയുടെ ‘ടീം ഓഫ് ദ ഇയർ’ പുരസ്കാരത്തുകയായ ഒരു ലക്ഷം യൂറോ റെഡ് ക്രോസിനും നൽകി. വിജയത്തിന്റെ ആഘോഷവേളകളിലും സ്വന്തം നേട്ടങ്ങളെ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാക്കാൻ അദ്ദേഹം ശ്രമിച്ചു.
ദുരന്തമുഖങ്ങളിലും സഹായഹസ്തം
2004ൽ ഇന്തോനേഷ്യയിലുണ്ടായ സുനാമിക്കു പിന്നാലെ തന്റെ പേരിലുള്ള ജഴ്സി ധരിച്ച ഒരു ബാലനെക്കുറിച്ചറിഞ്ഞ് അദ്ദേഹം നേരിട്ട് അവിടേക്കു യാത്ര തിരിച്ചിരുന്നു. ദുരന്തത്തെ അതിജീവിച്ച കുട്ടികളോടുള്ള അദ്ദേഹത്തിന്റെ കരുതൽ അന്നു വലിയ ശ്രദ്ധ നേടി.
2015 ഏപ്രിൽ 25നു നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തിനുശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായം നൽകാൻ അദ്ദേഹം രംഗത്തെത്തി. ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കണമെന്ന് ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തു. 2016ൽ സിറിയൻ ആഭ്യന്തരയുദ്ധം ദുരിതത്തിലാക്കിയ കുട്ടികൾക്കു ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുന്നതിനും അദ്ദേഹം സാമ്പത്തിക പിന്തുണ നൽകി. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിച്ചു.
കോവിഡ് കാലത്തും കരുതല്
പോർച്ചുഗലിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോഴും റൊണാൾഡോ സഹായവുമായി രംഗത്തുണ്ടായിരുന്നു. തന്റെ ഏജന്റായ ജോർജ് മെൻഡസിനൊപ്പം ചേർന്നു രാജ്യത്തെ പ്രധാന ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ ഒരുക്കാൻ സാമ്പത്തികസഹായം നൽകി.
ലിസ്ബണിലെ നോർത്ത് ലിസ്ബൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സെന്ററിലും പോർട്ടോയിലെ സാന്താ അന്റോണിയോ ആശുപത്രിയിലും തീവ്രപരിചരണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുവരും സഹായിച്ചു. മദെയ്റയിലെ ആരോഗ്യസേവന വിഭാഗത്തിന് നിരവധി വെന്റിലേറ്ററുകളും നൽകി. യൂറോ യോഗ്യതാമത്സരങ്ങളിലൂടെ ലഭിക്കുന്ന ബോണസ് തുകയുടെ പകുതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകാൻ സഹതാരങ്ങളോടും റൊണാൾഡോ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
സേവ് ദ ചിൽഡ്രൻ ഉൾപ്പടെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ആരാധകർക്കു റൊണാൾഡോയ്ക്കൊപ്പം വെർച്വലായി സെൽഫിയെടുക്കാൻ കഴിയുന്ന മൊബൈൽ ആപ്പും 2016ൽ പുറത്തിറക്കിയിരുന്നു. ഇതിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്കു നൽകാനായിരുന്നു പദ്ധതി.
Tags : GreatestPhilanthropist CristianoRonaldo WorldofSports Portion Wealth Footballer Sports Goals