കോതമംഗലം : സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 17 കുടുംബങ്ങൾക്ക് ഭൂമി പകുത്തു നൽകി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംസ്ജെ- ധര്‍മഗിരി) സന്യാസിനീസമൂഹം.
ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സഭയുടെ സ്ഥാപകൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ സ്മരണയിലാണ് ജീവകാരുണ്യമേഖലയിൽ ധർമഗിരി സന്യാസിനിമാരുടെ സവിശേഷ ഇടപെടൽ. ധര്‍മഗിരി കോതമംഗലം സെന്റ് ജോസഫ്സ് പ്രോവിന്‍സാണ് ഒന്നരയേക്കറോളം സ്ഥലം ഭവനരഹിതർക്കു സൗജന്യമായി പകുത്തുനൽകിയത്.
കുട്ടമ്പുഴ കുറ്റിയാംചാലില്‍ ഏഴു സെന്റ് സ്ഥലം വീതമാണ് 17 കുടുംബങ്ങള്‍ക്കു നല്‍കിയത്. സന്യാസിനീസഭയുടെ ഉടസ്ഥതയിലുണ്ടായിരുന്ന വഴിയും വെള്ളവും വൈദ്യുതിയും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലമാണു കൈമാറ്റം ചെയ്തത്. ഇവിടെയുണ്ടായിരുന്ന മരങ്ങളും മറ്റു വിളകളും ഇനി കുടുംബങ്ങള്‍ക്കു സ്വന്തം.
ഷിബു തെക്കുംപുറം എംഎല്‍എ ഭൂമിയുടെ രേഖകള്‍ കുടുംബങ്ങൾക്കു കൈമാറി. ഭൂമിയോടനുബന്ധിച്ച് സഭയ്ക്കുണ്ടായിരുന്ന കമ്യൂണിറ്റി ഹാളും 13 സെന്റ് സ്ഥലവും കുട്ടമ്പുഴ സെന്റ് മേരീസ് പള്ളിക്കായി വികാരി ഫാ. ജോസ് ചിരപ്പറമ്പിലിനു കൈമാറി.
ആധാരം കൈമാറ്റ ചടങ്ങില്‍ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട്, ധര്‍മഗിരി സന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ മെറീന, പ്രൊവിന്‍ഷ്യൽ സുപ്പീരിയര്‍ സിസ്റ്റര്‍ അഭയ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍ തുടങ്ങിയവർ പങ്കെടുത്തു.
താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ധര്‍മഗിരി സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യമായി ഭൂമി പകുത്തുനൽകിയത്.