കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരത്തിലിറങ്ങാന്‍ പോകുന്നത് 200 കെഎസ്ആര്‍ടിസി ബസുകള്‍. 200 ബസുകളില്‍ സര്‍ക്കാരിന്റെ പരസ്യം പതിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് 20,34,084 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേരളപ്പിറവിയുടെ 70-ാം വാര്‍ഷിക പ്രമാണിച്ച് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ബസുകളുടെ ബോഡിയില്‍ പതിപ്പിക്കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
ബസ് ഒന്നിന് 10,170.42 രൂപ നിരക്കിലാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ബസുകളെയും വിവിധ സമൂഹമാധ്യമങ്ങളെയും പ്രയോജനപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പതിപ്പിച്ചതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. മുമ്പ് സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണു കെഎസ്ആര്‍ടിസി ബസുകളില്‍ കോര്പറേഷന് പരസ്യം നല്‍കിയിരുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ വാര്‍ഷിക പരസ്യ വരുമാനം ശരാശരി ആറു കോടി രൂപയില്‍നിന്ന് 12 കോടിയായി വര്‍ധിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 3,000 കെഎസ്ആര്‍ടിസി ബസുകളില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിലൂടെ മാത്രം കെഎസ്ആര്‍ടിസിക്കു മൂന്നു കോടി രൂപയുടെ വരുമാനമാണു ലഭിച്ചത്.
Tags : Monthly expense KSRTC buses deployed administrative achievements government's Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash