വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ച് ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.
ബിഷ്‌കെക്കിൽ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും ചർച്ച നടത്തിയതും, തുടർന്ന് ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറുകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും.
രാഷ്ട്രങ്ങൾക്ക് സ്വന്തം വിദേശനയങ്ങൾ ഉണ്ടാകുകയെന്നത് സ്വാഭാവികമാണെന്നും മറ്റ് രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്നും റൂബിയോ വ്യക്തമാക്കി. യുഎസ് പ്രതിനിധികളും മുൻകാലങ്ങളിൽ ഇറാനിയൻ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ ഏതെങ്കിലും രാജ്യം ഇറാനെ സഹായിച്ചാൽ അവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഭീകരപ്രവർത്തനങ്ങൾകും ആണവായുധ നിർമാണത്തിനുമുള്ള ഇറാന്‍റെ ഫണ്ടിംഗ് തടയുകയാണ് ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് ഭരണകൂടം ഇതിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്നും റൂബിയോ വ്യക്തമാക്കി.
ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നും നിലവിലുള്ള സാമ്പത്തിക ഉപരോധങ്ങൾക്ക് പുറമെ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും മാർക്കോ റൂബിയോ ഓർമിപ്പിച്ചു.