വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദാരുണ പരാജയത്തിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ നിന്നുമുള്ള രാഷ്ട്രീയ പ്രചാരണ പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ശതകോടീശ്വരൻ ഇലോൺ മസ്ക്. തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കുന്നതിനായി സ്വന്തം പോക്കറ്റിൽ നിന്നും ഏകദേശം 4,700 കോടി രൂപയോളമാണ് (474 ദശലക്ഷം ഡോളർ) മസ്ക് ചെലവഴിച്ചത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ഡെമോക്രാറ്റുകൾ വൻ വിജയം നേടുകയും ജനപ്രതിനിധിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് മസ്കിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം.
തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് "ഇന്ന് ചുവപ്പിന് വോട്ട് ചെയ്യൂ" എന്നാവശ്യപ്പെട്ട് മസ്ക് പങ്കുവെച്ച പോസ്റ്റും, സെനറ്റിലേക്ക് റിപ്പബ്ലിക്കൻമാരെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ആഴ്ചകളോളം തന്റെ പ്രൊഫൈലിൽ പിൻ ചെയ്തുവെച്ചിരുന്ന സന്ദേശങ്ങളുമാണ് നീക്കം ചെയ്യപ്പെട്ടതിൽ പ്രധാനം. ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധിസഭയിലെ തിരിച്ചുവരവ് വ്യക്തമായതിന് ശേഷമാണ് പോസ്റ്റുകൾ അപ്രത്യക്ഷമായത്.
താൻ നടത്തിയ വൻ തുകയുടെ തെരഞ്ഞെടുപ്പ് ഇടപെടലുകൾ പരാജയപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയരുന്നതിനിടെ ചില തമാശരൂപത്തിലുള്ള പ്രതികരണങ്ങൾ മസ്ക് പങ്കുവെച്ചിരുന്നു. എന്നാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണരംഗത്തും കോർപ്പറേറ്റ് തലത്തിലും ട്രംപിനോട് അടുത്ത കേന്ദ്രങ്ങൾ നേരിടുന്ന കനത്ത മാനസിക സമ്മർദ്ദത്തിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Tags : 2026USMidtermLoss Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash