പ്രതീകാത്മക ചിത്രം
പാരീസ്: യൂറോപ്യൻ വ്യോമഗതാഗതം താറുമാറാക്കി വീണ്ടും ബോംബ് ഭീഷണി. ഇന്നലെ രാവിലെ ഒട്ടനവധി യാത്രാവിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു.
ഡബ്ലിനിൽനിന്നു റോമിലേക്കു പറന്ന എയർ ലിംഗസ് വിമാനം വഴിതിരിച്ചുവിട്ട് പാരീസിനടുത്തുള്ള വിമാത്താവളത്തിൽ ഇറക്കി. പോളണ്ടിലെ എൽഒടി എയർലൈൻസിന്റെ ഒരു വിമാനം ബ്രസൽസിലും അടിയന്തരമായി ഇറക്കി.
ഹെൽസിങ്കിയിൽനിന്നു റോമിലേക്കു പുറപ്പെട്ട വിമാനത്തിനും സുരക്ഷാ ഭീഷണിയുണ്ടായി. ഇറ്റാലിയൻ യുദ്ധവിമാനങ്ങളുടെ അകന്പടിയോടെയാണു വിമാനം റോമിൽ ഇറക്കിയത്.
ബൾഗേറിയയിൽ മൂന്നു വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. ലണ്ടൻ, മാഡ്രിഡ്, കോപ്പൻഹേഗൻ എന്നിവിടങ്ങളിൽനിന്നുള്ളവയായിരുന്നു ഈ വിമാനങ്ങൾ.
ചൊവ്വാഴ്ച യൂറോപ്പിൽ ഏഴു വിമാനങ്ങൾക്കും ഒരു ക്രൂസ് കപ്പലിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വ്യോമഗതാഗതം താറുമാറായി. വിമാനങ്ങളിലെ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല.
ഏതെങ്കിലും സംഘടനകളോ രാജ്യങ്ങളോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റിട്ടില്ല.
റഷ്യയോ ഇറാനോ ആയിരിക്കം പിന്നിലെന്നു യൂറോപ്യൻ ഉദ്യോഗസ്ഥർ സംശയിക്കുന്നു. യൂറോപ്പിനെ ലക്ഷ്യമിട്ട് റഷ്യ ഹൈബ്രിഡ് ആക്രമണം നടത്തുന്നതായി നേരത്തേ ആരോപണമുള്ളതാണ്. ഏതാനും ദിവസം മുന്പ് യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലുണ്ടായ സൈബർ ആക്രമണത്തിൽ റെഫ്രിജറേറ്ററുകൾ പ്രവർത്തനരഹിതമാക്കിയിരുന്നു.
Tags : BombThreats Europe FlightsGrounded Rome Dublin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash