ഷെഫ് ഡേവിഡ് ടാംബുരല്ല
ബ്രിസ്ബേൻ: ഇറ്റാലിയൻ സംസ്കാരത്തിനു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി പിസയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ച പാചകവിദഗ്ധന്റെ പണിപോയി.
ഓസ്ട്രേലിയയിൽ ബ്രിസ്ബേൻ നഗരത്തിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ ഷെഫ് ഡേവിഡ് ടാംബുരല്ലയ്ക്കാണ് ഈ ഗതികേട്.
പിസയിൽ പൈനാപ്പിൾ ചേർത്തു നല്കണമെന്ന റസ്റ്ററന്റ് ഉടമയുടെ ആവശ്യം അംഗീകരിക്കാൻ ഇദ്ദേഹം തയാറായില്ല. മേയ് മാസത്തിലായിരുന്നു അത്.
അടുത്തകാലത്ത് ഓസ്ട്രേലിയയിലെ ഫെയർ വർക്ക് കമ്മീഷനു മുന്നിൽ ഡേവിഡ് പരാതി നല്കിയപ്പോഴാണു സംഭവം മാധ്യമശ്രദ്ധയാകർഷിച്ചത്.
പരാതിക്കാരൻ ഇറ്റലിക്കാരനെന്നതിൽ അഭിമാനം കൊള്ളുന്നതായും പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് ഇറ്റാലിയൻ സംസ്കാരത്തെ അപമാനിക്കുന്നതിനു തുല്യമായി കാണുന്നുവെന്നും കമ്മീഷൻ വിലയിരുത്തി. പക്ഷേ, പരാതി നല്കാൻ ഇദ്ദേഹം വൈകിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതിനാൽ പരാതി തള്ളി.
ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്ലാൻഡ് സംസ്ഥാനമാണ് ഓസ്ട്രേലിയയിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം പൈനാപ്പിളും കൃഷി ചെയ്യുന്നത്.
Tags : Chef Pineapple Pizza Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DavideTamburrelli